വി വി രാജേഷിന്റെ വാർഡിലും പിന്നിലാക്കി


വി എസ് വിഷ്ണുപ്രസാദ്
Published on Oct 04, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ആർ ശ്രീലേഖ–വി വി രാജേഷ് തർക്കം രൂക്ഷമായത് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുപരാജയത്തോടെ. മേയറുടെ വാർഡായ കൊടുങ്ങാനൂരിൽ ഉൾപ്പെടെ ശ്രീലേഖ പിന്നിലായതാണ് കാരണം. കെ മുരളീധരനെ ജയിപ്പിക്കാനാണ് ബിജെപിക്കാർ ഡീലുണ്ടാക്കിയത്. ഇതിൽ മേയർക്കും പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് ശ്രീലേഖ പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്. മുരളീധരൻ മണ്ഡലത്തിൽ ഉൾപ്പെട്ട ബിജെപി കൗൺസിലർമാരുമായി രഹസ്യചർച്ച നടത്തിയത്രേ. കാപ്പ കേസിലെ പ്രതിയായ ആർ സുഗതൻ ഉൾപ്പെടെ അഞ്ചു ബിജെപി കൗൺസിലർമാർ ഇതിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ബിജെപി വാർഡുകളിൽ വോട്ട് കൃത്യമായി നൽകാനും മറ്റ് വാർഡുകളിൽ കോൺഗ്രസിന് മറിച്ചുനൽകാനുമായിരുന്നു ധാരണ. സുഗതനാണ് ഇൗ ഓപ്പറേഷന് നേതൃത്വം നൽകിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് കാപ്പകേസിൽ അറസ്റ്റുണ്ടായപ്പോൾ സുഗതനെ ന്യായീകരിച്ച് കെ മുരളീധരൻ രംഗത്തെത്തിയത്. ഇയാളെ പിടികൂടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചതിനെ തള്ളിപ്പറഞ്ഞത് കെ മുരളീധരൻമാത്രമായിരുന്നു. വി വി രാജേഷിന്റെ വാർഡിലുൾപ്പെടെ ശ്രീലേഖ പിന്നിലായതോടെ തോൽപ്പിക്കാൻ ആസൂത്രിത നീക്കം നടന്നതായി അവർ മനസ്സിലാക്കി. തുടർന്നാണ് മേയർക്കെതിരെയും സുഗതനെതിരെയും പരാതി നൽകിയത്. ഡിജിപിയായിരുന്ന തന്നെ കാപ്പ കേസിലെ പ്രതിക്കൊപ്പം കൗൺസിലറായി ഇരുത്തുന്നതിലുള്ള അമർഷം അവർ നേതൃത്വത്തെ അറിയിച്ചിരുന്നു. സുഗതനോട് ഒരിക്കൽ ശ്രീലേഖ പൊട്ടിത്തെറിച്ചതായും വിവരമുണ്ട്. രാജേഷിന്റെ ഏകാധിപത്യം അവർ ചോദ്യം ചെയ്തിരുന്നതായും പറയുന്നു. നാൽപ്പതു ബൂത്തുകളിൽ ബിജെപി മുരളീധരനുവേണ്ടി വോട്ട് മറിച്ചെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മുരളീധരന്റെ വന്പൻ കട്ടൗട്ടുകൾ, ബൈക്ക്റാലിക്കുള്ള വാഹനങ്ങൾ എന്നിവ നൽകി സഹായിച്ചത് സുഗതനാണെന്ന ആരോപണവും ഉയർന്നിരുന്നു.









0 comments