തമാശയിലൂടെ ഇംഗ്ലീഷ് പഠിക്കും

തിരുവനന്തപുരം
ഇംഗ്ലീഷ് മാത്രം അറിയാവുന്ന പാവ. സംസാരിക്കാൻ കൗതുകമായതോടെ കൊച്ചുകൂട്ടുകാർ ചുറ്റിലും കൂടി. ‘വാട്ട് ഈസ് യുവർ നെയിം’, ‘ഹൗ ആർ യു’ തുടങ്ങി അറിയാവുന്ന ചോദ്യങ്ങളുമായി ഓരോരുത്തരും പാവയ്‌ക്കൊപ്പം ചേർന്നു. എല്ലാവർക്കും മറുപടി എത്തിയതോടെ വിശേഷങ്ങൾ ആരായാൻ കുട്ടികൾ മത്സരിച്ചു. സമഗ്ര ശിക്ഷാ കേരളം തിരുവനന്തപുരം സൗത്ത് യുആർസി ആവിഷ്‌കരിച്ച ‘ഫണ്ണി ടോക്സി’ന് തുടക്കമായി. വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള അഭിരുചി വളർത്തുക, കുട്ടികളിൽ ഭാഷാ പരിജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ‘ഫണ്ണി ടോക്സ്’ അവതരിപ്പിക്കുന്നത്. സബ്ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 സർക്കാർ സ്കൂളുകളിലാണ് അവതരണം. പിന്നീട് മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. സിആർസി കോഓർഡിനേറർ ഫെലിക്സ് ജോഫ്രിയാണ് അവതാരകൻ. നിലവിൽ ആറ് സ്‌കൂളിൽ അവതരണം നടന്നു. മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്ന് ലഭിക്കുന്നതെന്ന് ഫെലിക്സ് ജോഫ്രി പറഞ്ഞു.










0 comments