പഴയത്ത് പി എം സതീശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

പി എം സതീശൻ നമ്പൂതിരി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ പി എം സതീശൻ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം.
ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സതീശൻ നമ്പൂതിരി ഇത് രണ്ടാം തവണയാണ് ഗുരുവായൂർ മേൽശാന്തിയായി ചുമതലയേൽക്കുന്നത്. ഇതിനുമുമ്പ് 2014 ഏപ്രിൽ ഒന്നു മുതൽ സെപ്‌തംബർ 30 വരെയും, കോവിഡ് കാലത്ത് 2020 ഏപ്രിൽ മുതൽ ഒക്ടോബർ 16 വരെയും അദ്ദേഹം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചപ്പൂജയ്ക്കു ശേഷം നമസ്‌കാര മണ്ഡപത്തിൽ വെള്ളി കുംഭത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി ടി എം നാരായണൻ നമ്പൂതിരിയാണ് അടുത്ത മേൽശാന്തിയെ നറുക്കിലൂടെ തെരഞ്ഞെടുത്തത്. ആകെ ലഭിച്ച 43 അപേക്ഷകളിൽ നിന്നും യോഗ്യരായ 33 പേരുടെ പേരുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.
ഗണിതശാസ്ത്ര ബിരുദധാരിയാണ് 58 കാരനായ പി എം സതീശൻ നമ്പൂതിരി. ഒറ്റപ്പാലം ലക്കിടി മേച്ചേരി മനയിൽ ഷീജ അന്തർജനമാണ് ഭാര്യ. ശ്രീരഞ്ജിനി (ആയുർവേദ ഡോക്ടർ), ശ്രീവിദ്യ (സോഫ്റ്റ്‌വെയർ എൻജിനിയർ) എന്നിവരാണ് മക്കൾ. ക്ഷേത്രത്തിൽ ഭജനം ഇരുന്ന ശേഷം സെപ്റ്റംബർ 30ന് രാത്രി അദ്ദേഹം പുതിയ മേൽശാന്തിയായി ചുമതലയേൽക്കും. തുടർന്ന് ആറു മാസത്തേക്ക് പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ താമസിച്ച് അദ്ദേഹം പൂജകൾ നിർവഹിക്കും.









0 comments