ad
Deshabhimani

ദുരന്തബാധിതരെ അവ​ഗണിച്ച് യുഡിഎഫ് സർക്കാർ; ഒരു മാസം കഴിഞ്ഞിട്ടും ധനസഹായമെത്തിയില്ല

idukki.
വെബ് ഡെസ്ക്

Published on Sep 17, 2026, 07:57 PM | 3 min read

ഇടുക്കി : സംസ്ഥാനത്തെ പ്രളയദുരിത ബാധിതർക്കുള്ള അടിയന്തിര ധനസഹായം ഇതുവരെയും നൽകാതെ സംസ്ഥാന സർക്കാർ. പ്രളയത്തിന് സമാനമായ കനത്ത മഴയിൽ വിറങ്ങലിച്ച് പോയ ജനതയെ ചേർത്തുപിടിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. ഒരാഴ്ചയ്ക്കുള്ളിൽ ധനസഹായം വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച തുക ഇതുവരെയും ദുരിതബാധിതരുടെ കൈയിൽ എത്തിയിട്ടില്ല.


പീരുമേട് താലൂക്കിലെ കൊക്കയാർ, ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലാണ് പ്രകൃതി ദുരന്തങ്ങളുടെ കെടുതികൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത്. കൊക്കയാർ പഞ്ചായത്തിലെ ജനങ്ങൾ രണ്ടു പ്രളയങ്ങളെ അതിജീവിച്ചവരാണ്. 2020 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുട്ടികൾ അടക്കം 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അന്ന് എൽഡിഎഫ് സർക്കാർ ഒരു ഗ്രാമത്തെ മുഴുവൻ ചേർത്തുപിടിച്ചു. സകലതും നഷ്ടപ്പെട്ടവർക്ക് മതിയായ സഹായങ്ങൾ നൽകി കൈത്താങ്ങായി.


പ്രളയമുണ്ടായി രണ്ട് മാസം കഴിഞ്ഞിട്ടും അടിയന്തിര ധനസഹായം നൽകിയിട്ടില്ല. 2026 ജൂലൈ 31ന് ഉണ്ടായ ശക്തമായ മഴയിൽ പകച്ചുപോയ ജനതയെ പരിപാലിക്കുവാൻ യുഡിഎഫ് സർക്കാറിന് കഴിഞ്ഞില്ല എന്നത് വ്യക്തമാണ്. 80 ഓളം കുടുംബങ്ങൾ ഏഴു ദിവസം നാല് ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞുവെങ്കിലും സർക്കാരിന്റെ മതിയായ സേവനം ഇവർക്ക് ലഭിച്ചില്ല. പീരുമേട് എംഎൽഎ സിറിയക് തോമസ് ക്യാമ്പുകളിലൂടെ സന്ദർശിച്ച് റീൽസ് എടുക്കുന്ന കാഴ്ചയാണ് നാട്ടിലുള്ളവർക്ക് കാണാൻ കഴിഞ്ഞത്. സകല സാമ്പത്തിക ബാധ്യതകളും പഞ്ചായത്തിന്റെ തലയിൽ കെട്ടിവെച്ച് സർക്കാർ തലയൂരി. ഏലപ്പാറ പഞ്ചായത്തിൽ തോട്ടം കാർഷിക മേഖലകളിൽ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശനഷ്ടം ഉണ്ടായി.


18 കുടുംബങ്ങൾ വാഗമൺ ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയേണ്ടി വന്നു. ഇവരിൽ വീട് പൂർണമായി നഷ്ടപ്പെട്ട് ജനിച്ച നാട്ടിൽ ജീവിക്കാൻ കഴിയാത്ത വിധത്തിൽ ജനങ്ങൾക്ക് ദുരന്തങ്ങൾ നേരിടേണ്ടിവന്നു. കോഴിക്കാനം, ഏലപ്പാറ, കോട്ടമല, നാരകക്കുഴി, കൊച്ചു കരിന്തരുവി, എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകളുടെ വീടുകൾ എല്ലാം പൂർണ്ണമായിട്ടും ഭാഗികമായും തകർന്നു. വാഗമൺ കോലാഹലമേട്ടിൽ ബന്ധു വീട്ടിലെത്തിയ വൈക്കം സ്വദേശി 79 കാരൻ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് അതിദാരുണമായി മരണപ്പെട്ടു. മുന്നറിയിപ്പുകൾ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടൽ നടത്തുന്നതിൽ അധികാരികളും അധികൃതരും ജാഗ്രത പുലർത്തിയില്ല.


ഏകോപനം ഇല്ലാത്തതാണ് ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിച്ചത്. ഏലപ്പാറ ടൗണിൽ നിരവധി പേരുടെ വീടുകളിലേക്ക് മലവെള്ളം പാഞ്ഞു കയറി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ആർക്കും ഒരു സഹായവും നാളിതുവരെ ലഭിച്ചിട്ടില്ല. ഉപ്പുതറ വളകോട് പൊലീസ് ജീപ്പ് പോലും മണ്ണിനടിയിൽ കുടുങ്ങി. അത്ഭുതകരമായിട്ടാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന പൊലീസും ഡ്രൈവറും രക്ഷപ്പെട്ടത്. പെരിയാർ കരകവിഞ്ഞൊഴുകി. ഇതിനകത്ത് അനുകൂലമായ നടപടി ദുരന്തനിവാരണ വിഭാഗം വേണ്ടത്ര മുന്നറിയിപ്പ് നൽകാത്തതിനാൽ തീരത്ത് താമസിക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.


പല ദുരിതാശ്വാസ ക്യാമ്പുകളിലും സർക്കാർ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറുന്ന കാഴ്ചയാണ് കണ്ടത്. നാടിനെ കുറിച്ചും നാട്ടിലെ പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ചും വ്യക്തതയില്ലാത്ത ഉദ്യോഗസ്ഥരായിരുന്നു പീരുമേട് താലൂക്കിലെ ദുരന്ത മേഖലകളിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ചത്. നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് മതിയായ സഹായം വീടുകളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി. പീരുമേട് താലൂക്കിലെ ഉപ്പുതറ വില്ലേജിൽ 57 കുടുംബങ്ങളാണ് കൂടുതൽ ദുരിതം അനുഭവിച്ചത് ഇവരിൽ 22 പേർക്ക് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.


ഇതിൽ രണ്ട് രണ്ടുപേരുടെ വീടുകൾ പൂർണമായി തകർന്നു. നാളിതുവരെ ഇവർക്ക് സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. മുൻകാലങ്ങളിൽ പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടം സംഭവിച്ചാൽ നഷ്ടങ്ങൾക്ക് ഇരയാകുന്നവർക്ക് വില്ലേജ് ഓഫീസ് മുഖേനെ അപേക്ഷ നൽകി നഷ്ടപരിഹാരത്തുക താലൂക്ക് ഓഫീസുകളിൽ നിന്നും ലഭിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. വാഗമൺ വില്ലേജിൽ ഉൾപ്പെടുന്ന കോലാഹല മേട്ടിലെ ലീലാമണി എന്ന വീട്ടമ്മയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ പിതാവിന്റെ സഹോദരൻ വൈക്കം സ്വദേശി മരണപ്പെടുകയും ചെയ്തു. മരണം സംഭവിച്ചതിനാൽ അടിയന്തര സഹായം ലഭിച്ചതല്ലാതെ ഇവർക്ക് വീടിന്റെ നാശനഷ്ടങ്ങൾക്ക് യാതൊരുവിധ സഹായങ്ങളും സർക്കാർ നൽകിയിട്ടില്ല.


വാഗമൺ വില്ലേജിലെ രണ്ടു വാർഡുകളിൽ 18 കുടുംബങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. 9 ദിവസം വാഗമൺ ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് ഇവരെ പാർപ്പിച്ചെങ്കിലും സഹായങ്ങളും ചെയ്തു നൽകിയില്ല . സിപിഐഎം പ്രവർത്തകരാണ് 9 ദിവസവും ഇവരുടെ ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റി ക്യാമ്പ് നടത്തിപ്പ് ഏറ്റെടുത്തത്. പരിചയസമ്പത്തു വള്ള ഉദ്യോഗസ്ഥർ പലരെയും ഭരണം മാറിയപ്പോൾ സ്ഥലം മാറ്റിയതും ദുരിതാശ്വാസ പ്രവർത്തനങ്ങളെ താളം തെറ്റിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home