ad
Deshabhimani

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം, ടീമുകൾ 23ന് എത്തും

kohli rohit

വിരാട് കോഹ്‌ലി (ഇടത്) രോഹിത് ശർമ്മ (വലത്)| Photo:BCCI

വെബ് ഡെസ്ക്

Published on Sep 17, 2026, 07:29 PM | 3 min read

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക്.


പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.


ഔദ്യോ​ഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യർത്ഥിച്ചു.ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ബോക്സ് ഓഫീസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും.


വിദ്യാർഥികൾക്ക് 300 രൂപ


സ്കൂൾ‌-കോളജ് വിദ്യാർഥികൾക്ക് മത്സരം നേരിൽ കാണുവാൻ ടിക്കറ്റ് നിരക്കിൽ കെസിഎ ഇളവ് പ്രഖ്യാപിച്ചു. എന്റർടെയ്ൻമെന്റ് ടാക്സ് ഉൾപ്പെടെ 300 രൂപയാണ് നിരക്ക്.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.


പതിനഞ്ച് വയസിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 300 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും.


അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ.


കാണികൾക്ക് സൗജന്യ കുടിവെള്ളം


സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം വീക്ഷിക്കാനായി പ്രതീക്ഷിക്കുന്നത് 35,000 കാണികളെയാണ്. ഇവർക്കായി ഒരാൾക്ക് മൂന്ന് ലിറ്റർ വെള്ളമെന്ന നിലയിൽ 105000 ലിറ്റർ കുടിവെള്ളം ​സ്റ്റേഡിയത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ക്രമീകരിക്കും.


കൂടാതെ, 21,000 ലിറ്റർ അധിക ബഫർ സ്റ്റോക്കും സജ്ജമാക്കും. ഇതിനു പുറമെ യുവി ഫിൽറ്റേഡ് വാട്ടറും പവലിയനുകളിൽ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ കുടിവെള്ള സംവിധാനങ്ങൾക്ക് പുറമെ പ്രത്യേക വാട്ടർ സെയിൽ കൗണ്ടറുകളും അംഗീകൃത ഫുഡ് സ്റ്റാളുകളിലും കുടിവെള്ളം വാങ്ങുന്നതിനുള്ള സൗകര്യമുണ്ടാകും.


കൂടാതെ, മെഡിക്കൽ സഹായം, അടിയന്തര സേവനങ്ങൾ, സുരക്ഷ, പ്രവേശന-പുറത്തിറക്കൽ ക്രമീകരണങ്ങൾ, വ്യക്തമായ ദിശാസൂചനകൾ, കാണികളുടെ സഞ്ചാരം എന്നിവയ്ക്കും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കെസിഎ അറിയിച്ചു.



ടിക്കറ്റിൽ അറിയാം പാർക്കിങ് വിവരങ്ങൾ


മത്സരദിവസം സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് വാഹന പാർക്കിങ് സു​ഗമമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റിൽ തന്നെ പാർക്കിങ് വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികൾക്കായി അനുവദിച്ചിട്ടുള്ള വിവിധ പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കാനാകും.


ഇതുവഴി സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതിന് മുൻപുതന്നെ അനുയോജ്യമായ പാർക്കിങ് കേന്ദ്രങ്ങൾ മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യാൻ കാണികൾക്ക് സാധിക്കും. പ്രവേശന കവാടങ്ങൾ, സ്റ്റാൻഡുകൾ, പാർക്കിങ്, ഗതാഗത നിയന്ത്രണം, കാണികളുടെ സഞ്ചാരം തുടങ്ങിയവ സംബന്ധിച്ച വിശദമായ നിർദേശങ്ങൾ മത്സരത്തിന് മുൻപായി കെസിഎയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെയും അറിയിക്കും


സെപ്തംബർ 23ന് വെസ്റ്റ് ഇൻഡീസ് , ഇന്ത്യൻ ടീമുകൾ തിരുവനന്തപുരത്ത് എത്തും. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ ഏകദിന മത്സരത്തിന് തുടക്കമാകും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബർ 3ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിൽ നടക്കും.


കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്.


2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home