ad
Deshabhimani

മനുഷ്യജീവനാണ് മുൻഗണന; മരുന്നുവില നിയന്ത്രണ ഹർജിയിൽ ഹൈക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 17, 2026, 07:08 PM | 1 min read

കൊച്ചി: ജീവൻരക്ഷാമരുന്നുകളുടെ അമിതവില നിയന്ത്രണവും പേറ്റന്റ് അവകാശങ്ങളും സംബന്ധിച്ച ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. മരുന്നുകൾ ന്യായവിലയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്തനാർബുദബാധിതയായിരുന്ന സ്ത്രീ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ പരിഗണിച്ചത്.


ഹർജിക്കാരി ചികിത്സയിലിരിക്കെ അന്തരിച്ചതിനെത്തുടർന്ന് കോടതി കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യത്തിനുള്ള അവകാശവും ബൗദ്ധിക സ്വത്തവകാശവും തമ്മിലുള്ള തർക്കത്തിൽ മനുഷ്യജീവനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചു.


പ്രതിമാസ ഉപയോഗത്തിന് 75,000 രൂപ വിലവരുന്ന ‘റൈബോസിക്ലിബ്’ മരുന്ന് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞതും കുറഞ്ഞ വിലയ്ക്കുള്ളതുമായ ‘പാൽബോസിക്ലിബ്’ പകരമായി ഉപയോഗിക്കാമോയെന്ന് കോടതി ആരാഞ്ഞെങ്കിലും, ഇവ രണ്ടും വ്യത്യസ്ത പാർശ്വഫലങ്ങളുള്ളതാണെന്നും രോഗത്തിന്റെ ആദ്യഘട്ടത്തിൽ റൈബോസിക്ലിബ് തന്നെയാണ് ഫലപ്രദമെന്നും അമിക്കസ് ക്യൂറി അഡ്വ മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയെ അറിയിച്ചു.


കോടിക്കണക്കിന് രൂപ ഗവേഷണത്തിനായി ചെലവഴിച്ചാണ് ഇത്തരം മരുന്നുകൾ വികസിപ്പിക്കുന്നതെന്നും, പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പുപ്രകാരം സർക്കാരിന് മരുന്നുവിലയിൽ ഇടപെടാനാകില്ലെന്നും നോവാർട്ടിസ്, എലി ലില്ലി എന്നീ മരുന്നുകമ്പനികൾ വാദിച്ചു. വില കുറയ്ക്കാൻ നിർബന്ധിച്ചാൽ അത് പുതിയ കണ്ടുപിടിത്തങ്ങളെ ബാധിക്കുമെന്നും നിശ്ചിത വിലക്കുറവിലാണ് മരുന്നുകൾ നൽകുന്നതെന്നും കമ്പനികൾ അവകാശപ്പെട്ടു.


മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി നിയമപരമായ വകുപ്പുകൾ അടിയന്തരമായി ഉപയോഗിക്കാനാകില്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. മരുന്നുകൾ രോഗികൾക്കും നിർമാതാക്കൾക്കും ഒരുപോലെ ഗുണകരമായ രീതിയിൽ ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും, ഇന്ത്യയിൽ ഇത്തരം മരുന്നുകൾ നിർമിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പാവപ്പെട്ട രോഗികൾക്കായി 15 ലക്ഷം രൂപവരെയുള്ള സഹായപദ്ധതികൾ ലഭ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home