ad
Deshabhimani

ദിനേശ് ബീഡി സഹകരണ സംഘം ചെയർമാന്‍ എം കെ ദിനേശിനെ സർക്കാർ പുറത്താക്കി

Kerala Dinesh

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 17, 2026, 07:21 PM | 1 min read

കണ്ണൂർ: തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നോക്കുകുത്തിയാക്കി കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ സഹകരണ സൊസൈറ്റി ചെയർമാൻ എം കെ ദിനേശിനെ സർക്കാർ പുറത്താക്കി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി പ്രേം രാജിനാണ് പകരം ചുമതല. 57 വർഷത്തെ പ്രവർത്തനത്തിനിടയിൽ, ആദ്യമായാണ്‌ ഇത്തരത്തിലുള്ള ജനാധിപത്യ അട്ടിമറി. മുൻപ് യുഡിഎഫ്‌ വന്ന കാലത്തൊന്നും ദിനേശിന്റെ ഭരണകാര്യങ്ങളിൽ സർക്കാർ ഇടപെട്ടിരുന്നില്ല. സർക്കാർ മാറുന്നതിനനുസരിച്ച്‌ ദിനേശ്‌ ഭരണം പിടിച്ചെടുക്കുന്ന ജനാധിപത്യ വിരുദ്ധ രീതിയും മുൻകാലത്തുണ്ടായിരുന്നില്ല.


പ്രാഥമിക സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരും ചെയർമാനും സർക്കാർ നോമിനിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും അടങ്ങിയതാണ്‌ കേന്ദ്ര സംഘത്തിന്റെ ഡയറക്ടർ ബോർഡ്‌. ആദ്യ ചെയർമാനായിരുന്ന ജി കെ പണിക്കർ, മരണം വരെ 27 വർഷം ദിനേശിന്റെ ചെയർമാനായി ഉണ്ടായിരുന്നു. സി വി കുഞ്ഞിരാമൻ 10 വർഷവും സി രാജൻ 13 വർഷവും ഇപ്പോഴത്തെ ചെയർമാൻ എം കെ ദിനേശ്‌ ബാബു ആറുവർഷവും തലപ്പത്തുണ്ടായി.


നേരിട്ട്‌ ആറായിരം പേർക്കും പതിനായിരത്തോളം പേർക്ക്‌ പരോക്ഷമായും ജോലി നൽകുന്ന ദിനേശ്‌, ഐടി, വസ്‌ത്രം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലും വൻകുതിപ്പ് നടത്തുന്ന സ്ഥാപനം കൂടിയാണ്. വിരമിക്കുന്ന തൊഴിലാളികൾക്ക്‌ ആനുകൂല്യം നൽകാനും, മറ്റുവികസന പ്രവർത്തനങ്ങൾക്കുമായി പുതിയ വായ്‌പാ നടപടികൾ ഭരണസമിതി, ആലോചിക്കുന്നതിനിടയിലാണ്‌ സൊസൈറ്റിയെ സർക്കാർ പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നത്. വായ്‌പ വാങ്ങുന്നതിനെതിരെ ഡിസിസി നേതൃത്വം സർക്കാരിന്‌ പരാതി നൽകിയിട്ടുണ്ട്‌. ഇതോടെ ഗ്രാറ്റുവിറ്റി അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങളെ സർക്കാർ ഇടപെടൽ ബാധിക്കുമെന്ന ആശങ്കയിലാണ്‌ തൊഴിലാളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home