100 രൂപ കൈക്കൂലി കേസ്: 31 വർഷത്തിന് ശേഷം മുൻ റെയിൽവേ ക്ലർക്കിന്റെ ശിക്ഷ ശരിവെച്ച് ജാർഖണ്ഡ് ഹൈക്കോടതി

പ്രതീകാത്മക ചിത്രം
റാഞ്ചി: മുപ്പത്തൊന്ന് വർഷം മുമ്പ് നൂറു രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ റെയിൽവേ ജീവനക്കാരന്റെ ശിക്ഷ ജാർഖണ്ഡ് ഹൈക്കോടതി ശരിവെച്ചു. 1995-ൽ റാഞ്ചി ഹാട്യ റെയിൽവേ സ്റ്റേഷനിൽ പാർസൽ ക്ലർക്കായിരുന്ന കാളി ശങ്കർ ധോബിയുടെ ശിക്ഷയാണ് ഹൈക്കോടതി അപ്പീലിൽ നിലനിർത്തിയത്. ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
1995 ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം. ഹാട്യ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോട്ടോർ സൈക്കിൾ ബിഹാറിലെ സമസ്തിപൂരിലേക്ക് അയക്കുന്നതിനായി പരാതിക്കാരനായ നിർമ്മൽ കുമാർ ബെഗാനിയിൽ നിന്ന് 100 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ നടത്തിയ പരിശോധനയിൽ പ്രതി കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത കോടതി ഒൻപതു വർഷത്തെ വിസ്താരത്തിന് ശേഷം 2004-ൽ പ്രത്യേക കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഒരു വർഷം തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് അന്ന് വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് രണ്ട് പതിറ്റാണ്ടിലേറെയായി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
പ്രതിയുടെ വാർദ്ധക്യവും (75 വയസ്സ്) ആരോഗ്യപ്രശ്നങ്ങളും കേസ് നീണ്ടുപോയ സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി ശിക്ഷാ കാലാവധി വെട്ടിച്ചുറച്ചിട്ടുണ്ട്. സെക്ഷൻ 7 പ്രകാരമുള്ള ഒരു വർഷത്തെ തടവ് ആറു മാസമായും, സെക്ഷൻ 13(2) പ്രകാരമുള്ള ഒന്നര വർഷത്തെ തടവ് ഒരു വർഷമായും കോടതി കുറച്ചു.
ശിക്ഷകൾ ഒരേസമയം അനുഭവിക്കാമെന്നതിനാൽ പ്രതിക്ക് പരമാവധി ഒരു വർഷം തടവ് അനുഭവിക്കേണ്ടി വരും. കേസിൽ ഇതിനകം തന്നെ പ്രതിക്ക് റെയിൽവേ ജോലി നഷ്ടപ്പെട്ടിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി, രണ്ട് മാസത്തിനകം കീഴടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.









0 comments