അരുൺകുമാറിനെതിരായ കേസ്; ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: സിപിഐ എം

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെക്കുറിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ടതിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാറിനെതിരെ കേസെടുത്തത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി.
എൽഡിഎഫ് ഭരണകാലത്ത് ഏതെങ്കിലും ഒരു മന്ത്രി അമേരിക്കയോ മറ്റു വിദേശരാജ്യങ്ങളോ കുടുംബസമേതം സന്ദർശിച്ചിരുന്നെങ്കിൽ എത്രദിവസം മുൻപ് അന്തിച്ചർച്ചയും ബ്രേക്കിങ് ന്യൂസും തുടങ്ങിയേനെ എന്നായിരുന്നു അരുൺകുമാർ പങ്കുവെച്ച കുറിപ്പ്. പിന്നാലെ പോസ്റ്റിന്റെ പേരിൽ, അപകീർത്തി, കലാപാഹ്വാനം കേരള പൊലീസ് ആക്ടിലെ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പോസ്‌റ്റിൽ പറയാത്ത കാര്യങ്ങളും എഫ്‌ഐആറിൽ എഴുതിച്ചേർത്തു.
‘ഖത്തർ എയർവേസിലെ ഏറ്റവും വിലകൂടിയ സീറ്റ് തന്നെ വേണമെന്നായിരുന്നു രമേശിന്റെ ഭാര്യയുടെ വാശി. ഒരു ടിക്കറ്റിന് എട്ട് ലക്ഷം രൂപ, 17 ആളുകൾ മൊത്തത്തിൽ അമേരിക്കയിലേക്ക് പോയി. ഖജനാവിൽ നിന്ന് ഈ യാത്രയ്ക്കുമാത്രം പിൻവലിച്ചത് നാല് കോടി. മൂന്നുമാസംകൊണ്ട് ഇങ്ങനെയാണെങ്കിൽ അഞ്ചുവർഷംകൊണ്ട് എന്തായിരിക്കും നടക്കാൻ പോകുന്നത്’ എന്നെല്ലാം അരുൺകുമാറിന്റെ പോസ്‌റ്റിലുണ്ടായിരുന്നുവെന്നാണ് എഫ്‌ഐആർ. കേന്ദ്രത്തിൽ ബിജെപി അധികാരം ഉപയോഗിച്ച് ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ വി ഡി സതീശൻ നടപ്പാക്കുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന തെറ്റായ നയങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.









0 comments