ad
Deshabhimani

ലിംഗവിവേചനം കാണിച്ച് ജോലി നിഷേധിച്ചു; ഐഒസി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

Supreme Court
വെബ് ഡെസ്ക്

Published on Sep 17, 2026, 08:50 PM | 1 min read

ന്യൂഡൽഹി: സ്ത്രീയെന്ന കാരണത്താൽ എൽപിജി പ്ലാന്റിൽ ജോലി നിഷേധിച്ച സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഐഒസിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.


സ്ത്രീയെന്ന ഒറ്റക്കാരണത്താൽ തൊഴിൽ നിഷേധിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾ വീടുകളിൽ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നിരിക്കെ, അവർക്ക് ഈ ജോലി ചെയ്യാനാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.


പഞ്ചാബിലെ ഗുഡ ഗ്രാമവാസിയായ ഹർജിക്കാരിക്ക് എൽപിജി ഫില്ലിങ് പ്ലാന്റിൽ റീഫില്ലിങ് ഹെൽപ്പർ തസ്തികയിലേക്കാണ് നിയമനം നിഷേധിക്കപ്പെട്ടത്. പ്രാദേശിക സമിതി ശുപാർശ ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും സ്ത്രീയെന്ന കാരണം പറഞ്ഞ് അവരെ ഒഴിവാക്കുകയായിരുന്നു.


വിചാരണക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും അപ്പലേറ്റ് കോടതിയും പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഇത് തള്ളിയിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.


ഹർജിക്കാരി ഇപ്പോൾ വിരമിക്കൽ പ്രായത്തിലെത്തിയെന്നും ദീർഘകാലമായുള്ള നിയമപോരാട്ടം പരിഗണിച്ചും, ജോലി നൽകുന്നതിന് പകരം ഒറ്റത്തവണയായി 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home