പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു

പി ജയേന്ദ്രൻ
കോഴിക്കോട്: ഇംഗ്ലീഷ് അധ്യാപകനും പരിഭാഷകനുമായ കരുവിശേരി കൃഷ്‌ണൻ നായർ റോഡിൽ പൊന്മന അയ്യപ്പക്ഷേത്രത്തിനടുത്ത് പൗഷാലിയിൽ പ്രൊഫ. പി ജയേന്ദ്രൻ (84) അന്തരിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ 32 വർഷം ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വകുപ്പ് മേധാവിയായി 1997ൽ വിരമിച്ചു. ഇംഗ്ലീഷിന് പുറമെ ബംഗാളി ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
വിൻസന്റ് വാൻഗോഗിന്റെ ജീവിതാനുഭവാഖ്യാനമായ ഇർവിങ്സ്‌റ്റോണിന്റെ ‘ലസ്‌റ്റ് ഫോർ ലൈഫ് ’ ‘ജീവിതാസക്തി’എന്ന പേരിൽ ‘ദേശാഭിമാനി വാരാന്തപ്പതിപ്പി’ലൂടെ പരിഭാഷപ്പെടുത്തി. രവീന്ദ്രനാഥ ടാഗോറിന്റെ ‘ശേഷേര്‍ കൊബിത’ (അവസാനത്തെ കവിത), ബംഗാളി എഴുത്തുകാരൻ ശങ്കറി- (മണിശങ്കർ മുഖോപാധ്യായ)ന്റെ ‘ഒജേന ഒജേനാ ബിബേകാനന്ദോ’ (അറിയപ്പെടാത്ത വിവേകാനന്ദന്‍), ജർമൻ എഴുത്തുകാരൻ എറിക് മരിയ റിമാർക്കിന്റെ ‘ഓൾ ക്വയറ്റ് ഓൺ വെസ്‌റ്റേൺ ഫ്രന്റ്’ (പടിഞ്ഞാറൻ മുന്നണിയില്‍ എല്ലാം ശാന്തമാണ്) തുടങ്ങിയ രചനകൾ വിവർത്തനം ചെയ്‌തു.
ലേഖന സമാഹാരമായ ‘മക്കാണ്ടോവും മിഠായിതെരുവു’മാണ് അവസാനം പ്രസിദ്ധീകരിച്ച കൃതി. എം എൻ സത്യാർഥി പുരസ്‌കാരം നേടി. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലുമായി സാഹിത്യം, കല, ചരിത്രം, ദര്‍ശനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി.
സുകുമാർ അഴീക്കോട്, കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. ആര്‍ വിശ്വനാഥന്‍, ഡോ. സി പി ശിവദാസ് തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായിരുന്നു. ഇംഗ്ലീഷ് അധ്യാപകൻ പ്രൊഫ. സി എ ഷെപ്പേഡിന്റെ പ്രിയശിഷ്യനായിരുന്നു. ജയേന്ദ്രൻ അവിവാഹിതനാണ്. അച്ഛൻ: പരേതനായ ഉൗരാച്ചേരി കുഞ്ഞമ്പു. അമ്മ: പരേതയായ രോഹിണി.









0 comments