ad
Deshabhimani

കയ്യേറ്റ–അഴിമതി അന്വേഷിക്കുന്നതിനിടെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി ധനേഷ്‌കുമാറിന് സ്ഥലംമാറ്റം

p dhanesh.
വെബ് ഡെസ്ക്

Published on Sep 17, 2026, 08:49 PM | 2 min read

നിലമ്പൂർ: കയ്യേറ്റങ്ങളും അഴിമതി സംബന്ധമായ പരാതികളും അന്വേഷിക്കുന്നതിനിടെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ സർക്കാർ സ്ഥലംമാറ്റി. വ്യാഴാഴ്ച പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം ധനേഷ്‌കുമാറിനെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ സ്ഥാനത്തുനിന്ന് മാറ്റി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്), നോർത്ത് തസ്തികയിൽ നിയമിച്ചു. പകരം കെ കെ സുനിൽകുമാർ ഐഎഫ്എസിനെ നിലമ്പൂർ നോർത്ത് ഡിഎഫ്ഒയായി നിയമിച്ചു.


ധനേഷ്‌കുമാർ ഡെറാഡൂണിൽ ഔദ്യോഗിക ക്യാമ്പിലായിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹം സ്ഥലത്തില്ലാത്ത സമയം നോക്കി സ്ഥലംമാറ്റം നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ സ്ഥലംമാറ്റത്തിന്റെ കാരണം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ ഭരണപക്ഷ എംഎൽഎമാരുടെ ഇടപെടലാണ് നടപടിക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്.


പുള്ളിപ്പാടം വില്ലേജ് പരിധിയിലെ ഭൂമി കയ്യേറ്റം, വിവിധ അനധികൃത ക്വാറി നിർമാണങ്ങൾ, മുൻ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. കഴിഞ്ഞ വർഷം ജൂലൈയിലാണ് ധനേഷ്‌കുമാർ നിലമ്പൂരിൽ ചുമതലയേറ്റത്. അന്വേഷണങ്ങൾ നിർണായക ഘട്ടത്തിലെത്തിയ സമയത്തുണ്ടായ സ്ഥലംമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതേസമയം, ഇത് സാധാരണ ഭരണപരമായ സ്ഥലംമാറ്റമാണോ, നിലവിലുള്ള അന്വേഷണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സർക്കാർ വ്യക്തമാക്കിയിട്ടില്ല. പുള്ളിപ്പാടം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അന്വേഷണങ്ങൾ ഇനി ആര് മുന്നോട്ടുകൊണ്ടുപോകുമെന്നതും ശ്രദ്ധേയമാണ്.


കോഴിക്കോട് ഫ്ലയിങ് ഡിഎഫ്ഒ ആയിരിക്കെ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളും ധനേഷ്‌കുമാറിനെ ശ്രദ്ധേയനാക്കിയിരുന്നു. നെന്മാറ ഡിഎഫ്ഒ ആയിരിക്കെ നെല്ലിയാമ്പതിയിൽ സ്വകാര്യ കമ്പനി കയ്യേറിയതായി കണ്ടെത്തിയ ഏകദേശം 6,000 ഏക്കർ വനഭൂമി തിരിച്ചുപിടിച്ച് സർക്കാർ അധീനതയിലാക്കുന്നതിലും അദ്ദേഹം ഇടപെട്ടു. വയനാട്ടിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ സംരക്ഷണം, അനധികൃത ക്വാറികൾക്കും റിസോർട്ടുകൾക്കുമെതിരായ നടപടി, വന്യജീവി വേട്ട തടയൽ തുടങ്ങിയ വിഷയങ്ങളിലും ഇടപെടലുകൾ നടത്തി. ലക്കിടിയിലെ ആനവേട്ട സംഘത്തെ പിടികൂടിയതിന് ദേശീയ പുരസ്‌കാരവും സംസ്ഥാന സർക്കാരിന്റെ സ്വർണമെഡലും ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.


വനംകയ്യേറ്റം, മരംമുറി, വന്യജീവി വേട്ട എന്നിവയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെ നിലമ്പൂരിൽ ചുമതലയേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പ് മാറ്റിയതിന്റെ ഭരണപരമായ കാരണം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥലംമാറ്റത്തിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കുമോയെന്നും നിലവിലുള്ള അന്വേഷണങ്ങളുടെ തുടർനടപടികൾ എങ്ങനെയായിരിക്കുമെന്നും ഉറ്റുനോക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home