ഭൂമി മൊഴിനൽകി; പ്രതിക്കൂട്ടിൽ മനുഷ്യൻ

പൊന്മുടി ജിയുപിഎസിൽ സംഘടിപ്പിച്ച പരിസ്ഥിതി കോടതി
വിതുര
പ്രകൃതിയെയും ഭൂമിയെയും ചൂഷണംചെയ്യുന്നവരെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണചെയ്‌ത് കുരുന്നുകളുടെ പരിസ്ഥിതി കോടതി. പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പൊന്മുടി ഗവ. യുപി സ്‌കൂളിലാണ് പരിസ്ഥിതി കോടതി സംഘടിപ്പിച്ചത്. ജഡ്‌ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം വക്കീൽ, കോടതി ജീവനക്കാർ തുടങ്ങി എല്ലാ വേഷങ്ങളിലും കുട്ടികൾ തിളങ്ങി. താൻ നേരിടുന്ന അതിക്രൂരമായ അവസ്ഥകൾ ഭൂമി സാക്ഷിക്കൂട്ടിലെത്തി ബോധിപ്പിച്ചു. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മണ്ണ്–-ജല മലിനീകരണം, മരങ്ങൾ വെട്ടിനശിപ്പിക്കൽ, ആഗോളതാപനംമൂലം ഭൂമി നേരിടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ സാക്ഷികൾ കോടതിക്ക് മുന്നിലെത്തി അക്കമിട്ടുനിരത്തി. വാദപ്രതിവാദങ്ങൾക്കൊടുവിൽ മനുഷ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രകൃതിയെ സംരക്ഷിക്കുമെന്ന ഉറപ്പിൽ കർശന നിബന്ധനകളോടെ വിട്ടയക്കുകയായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ കുട്ടികൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ സഹായിക്കുന്ന രീതിയിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.










0 comments