ad
Deshabhimani

കരാട്ടെ ഗ്രാൻഡ് മാസ്റ്റർ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ

Karate
വെബ് ഡെസ്ക്

Published on Oct 07, 2025, 04:11 PM | 1 min read

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു അദ്ദേഹം.


ബ്ലാക്ക് ബെൽറ്റ് നേടിയ ഡൗൺസിൻഡ്രോം വിഭാഗത്തിൽപ്പെട്ട ഡി എ സിയിലെ രാഹുൽരാജുമായി ചേർന്ന് കാൻചോ നടത്തിയ സ്വയരക്ഷാ മുറകൾ കാണികൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളിലെ ആത്മവിശ്വാസവും ധൈര്യവും ഏറെ പ്രചോദനമായിരുന്നു എന്ന് കാൻചോ അഭിപ്രായപ്പെട്ടു. ആത്മവിശ്വാസവും ശാരീരികസാമർത്ഥ്യവും വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പ്രത്യേക പരിശീലന സെഷനിൽ കുട്ടികൾ ആവേശപൂർവമാണ് പങ്കെടുത്തത്. കാൻചോ കുട്ടികൾക്ക് കരാട്ടെയുടെ അടിസ്ഥാന ചുവടുകൾ പരിചയപ്പെടുത്തി.


ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് വ്യക്തിഗതമായി മാർ​ഗനിർദ്ദേശം നൽകി പരിശീലിപ്പിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുട്ടികളുടെ കലാ- കായിക പ്രതിഭയെ വളർത്തുന്നതിനായി ഡിഫറന്റ് ആർട് സെന്റർ തുടർച്ചയായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര സഹകരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. കാൻചോയെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും മുതുകാട് ആദരിച്ചു. ചടങ്ങിൽ ഫ്യൂജി ഗംഗ ജപ്പാൻ ചാപ്റ്റർ പ്രസിഡന്റ് ജോജോ അഗസ്റ്റിൻ, ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽനായർ, മാജിക് പ്ലാനറ്റ് മാനേജർ സുനിൽരാജ് സി കെ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home