ഭരണം നിലനിർത്താൻ മേയറുടെയും സംഘത്തിന്റെയും കള്ളക്കളി
ജയിലിലുള്ള കൗൺസിലറുടെ വ്യാജ ഒപ്പ് രജിസ്റ്ററിൽ

കൗൺസിൽ രജിസ്‌റ്ററിലുള്ള സുഗതന്റെ വ്യാജ ഒപ്പും യഥാർഥ ഒപ്പും

സ്വന്തം ലേഖകൻ
Published on Oct 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം
കാപ്പ കേസിൽ ഒളിവിൽ കഴിയവെ വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന് എൽഡിഎഫ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുഗതൻ കൗൺസിലറായശേഷവും ആക്രമണങ്ങൾ നടത്തിയിരുന്നു. ഒരാളെ തലയ്‌ക്കടിച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിലുൾപ്പെടെ ഒളിവിലായിരുന്നപ്പോഴാണ് മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തെന്ന് കാണിച്ച് ഒപ്പിട്ടതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ആയോഗ്യനാക്കപ്പെടും. ഒരു സ്വതന്ത്രന്റെമാത്രം പിൻബലത്തിൽ ഭരിക്കുന്ന ബിജെപി സുഗതനെ അയോഗ്യതയിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള പെടാപ്പാടിലാണ്. കൗൺസിൽ യോഗങ്ങളുടെ ഹാജർ രജിസ്റ്റർ സൂക്ഷിക്കുന്നത് മേയറുടെ ഓഫീസിലാണ്. മേയറുടെ അറിവോടുകൂടി മാത്രമേ വ്യാജ ഒപ്പ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി–26, മാർച്ച്–11, ഏപ്രിൽ–27 എന്നീ തീയതികളിൽ നടന്ന യോഗങ്ങളിലാണ് വ്യാജ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഹാജർ ബുക്കിന്റെ പകർപ്പുകൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം മനസ്സിലായത്. ജയിലിൽ കഴിയുന്ന സുഗതന് കോർപറേഷനിൽനിന്ന് എല്ലാ മാസവും ഓണറേറിയവും എത്തിക്കുന്നുണ്ട്. വാർഡിൽ നടത്തുന്ന സേവനങ്ങൾക്കുവേണ്ടിയാണ് ജനപ്രതിനിധിക്ക് ഓണറേറിയം നൽകേണ്ടത്. ജനങ്ങളുടെ നികുതിപ്പണം ജയിലിൽ കഴിയുന്ന ക്രിമിനലിനാണ് നൽകുന്നതെന്നും എസ് പി ദീപക് പറഞ്ഞു. വ്യാജ ഒപ്പ് രേഖപ്പെടുത്തി കൗൺസിലറെ രക്ഷിക്കാൻ ശ്രമിക്കുന്ന മേയറും ഭരണസമിതിയും രാജിവയ്‌ക്കണം. സർക്കാര്‍ അടിയന്തരമായി വിഷയത്തിൽ അന്വേഷണം നടത്തണം. നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി എൽഡിഎഫ് ശക്തമായ സമരത്തിന് തയ്യാറാകുമെന്നും എസ് പി ദീപക് അറിയിച്ചു.








0 comments