ഇത് റോഡാണോ തോടാണോ

സൈനിക സ്കൂൾ വാർഡിലെ കുമഴിക്കര - ചന്തവിള റോഡിലെ കുഴികൾ
കഴക്കൂട്ടം
നഗരത്തിലെ റോഡുകളുടെ തകർച്ച പരിഗണിക്കുമെന്ന ബിജെപി പ്രഖ്യാപനങ്ങള്‍ മഴവെള്ളത്തില്‍. സൈനിക് സ്കൂൾ വാർഡിലെ റോഡുകളിലെല്ലാം നടുവൊടിക്കുന്ന കുഴികൾ മാത്രമാണിപ്പോള്‍. വാർഡിലെ പ്രധാന റോഡും ഇട റോഡും വെള്ളംകെട്ടി നിൽക്കുന്ന മഴക്കുഴികളായി മാറി. ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും ശ്രദ്ധതെറ്റിയാല്‍ റോഡിലെ വെള്ളക്കുഴിയില്‍ വീഴുമെന്നത് മാത്രമാണ് ഇപ്പോള്‍ ബിജെപി കൗണ്‍സിലറുടെയും മേയറുടെയും ഉറപ്പ്. സൈനിക് സ്കൂൾ -ചന്തവിള, ചന്തവിള– പുന്നാട്ട് ക്ഷേത്രം റോഡ്, ഇലപ്പകുഴി, മടത്തുവിള, സൈനിക നഗർ, കുമഴിക്കര എന്നിവിടങ്ങളിലെ റോഡുകളിലാണ് വമ്പൻ കുഴികൾ. മഴ തുടങ്ങിയതോടെ കുഴികളുടെ എണ്ണവും കൂടി. മഴ ശക്തമായതോടെ കുഴികളെല്ലാം ചെളിനിറഞ്ഞ് കിടക്കുകയാണ്. അതിനാല്‍ കുഴിയുടെ ആഴമറിയാതെ ഇരുചക്ര യാത്രികർ വീഴുന്നത് പതിവായി. കുമഴിക്കര -പുന്നാട്ട് ക്ഷേത്രം–ചന്തവിള റോഡിലൂടെ ചെറുവാഹനങ്ങൾക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കിൻഫ്ര പാർക്ക്, സെന്റ് തോമസ് സ്കൂൾ, ചന്തവിള, പോത്തൻകോട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഇടറോഡാണിത്. നൂറുകണക്കിന് ജീവനക്കാരും കുട്ടികളും ദിവസവും ആശ്രയിക്കുന്ന വഴികൂടിയാണ്. മേയര്‍ പറഞ്ഞവാക്ക് അടിയന്തരമായി പാലിച്ച്, റോഡുകളിലെ കുഴിയടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments