രാജ്യാന്തര എഐ ഇംപാക്ട് ഉച്ചകോടി; ശ്രദ്ധാകേന്ദ്രമായി സെഞ്ച്യൂറിയോ ടെക്


സ്വന്തം ലേഖകൻ
Published on Feb 18, 2026, 01:42 PM | 1 min read
തിരുവനന്തപുരം : ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന രാജ്യാന്തര എഐ ഇംപാക്ട് ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി തിരുവനന്തപുരം ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ സെഞ്ച്യൂറിയോ ടെക്കിന്റെ പവലിയൻ. മാനസികാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലാദ്യമായി വികസിപ്പിച്ച എഐ അധിഷ്ഠിത പ്രിവന്റീവ് പ്ലാറ്റ്‌ഫോമായ ‘സെറീൻ സോൾ' ആണ് കമ്പനി അവതരിപ്പിച്ചത്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തനമാരംഭിച്ച ഈ സംരംഭം, മുപ്പത് രാജ്യങ്ങളിൽനിന്നുള്ള മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ആഗോള വേദിയിലാണ് സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയുടെ സഹകരണത്തിലാണ് പ്രദർശനം. കേവലം ചികിത്സയ്ക്കപ്പുറം മാനസികാരോഗ്യം മുൻകൂട്ടി സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സെഞ്ച്യൂറിയോ മുൻഗണന നൽകുന്നത്. ‘സെറി' എന്ന പേരിട്ടിരിക്കുന്ന എഐ അധിഷ്ഠിത ഡിജിറ്റൽ സഹായിയാണ് ഈ പ്ലാറ്റ്‌ഫോമിനെ നയിക്കുന്നത്.
‘ഓൾ- ഇൻ- വൺ' ലൈഫ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കൾക്ക് അവരുടെ മാനസികാവസ്ഥകൾ തിരിച്ചറിയാനും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും വഴിയൊരുക്കും. മാനസിക സമ്മർദ്ദങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടായതിനുശേഷം ചികിത്സ തേടുന്ന പഴയ രീതിക്ക് പകരം, അവയെ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലൂടെ വ്യക്തികളുടെ ജീവിതനിലവാരവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ സാധിക്കുമെന്ന് സെഞ്ച്യൂറിയോ ടെക് അധികൃതർ പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങളും പുതിയ ഉൽപ്പന്നങ്ങളും വരുംദിവസങ്ങളിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. എൻഐഐഎസ്‌ടി സിഎസ്‌ഐആറിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സിഇഒയും അജിഷ ഭാസിയാണ്.











0 comments