ഭീഷണിയായി കൂറ്റൻമരം

പിരായുംമൂട് ജങ്‌ഷനിൽ അപകടഭീഷണിയായ കൂറ്റൻ ബദാംമരം
നെയ്യാറ്റിൻകര
വ്ളാങ്ങാമുറിക്ക് സമീപം പിരായുംമൂട് ജങ്‌ഷനിൽ റോഡരികിൽ വളർന്നുപന്തലിച്ച കൂറ്റൻ ബദാംമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. മരത്തിൽനിന്ന് അടർന്നുവീഴുന്ന ഉണങ്ങിയ ശിഖരങ്ങളും കായ്കളും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ജീവന് അപകടമുയർത്തുകയാണ്. കഴിഞ്ഞദിവസം ഇതുവഴി വന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വലിയ ശിഖരം വീണിരുന്നു. സമീപത്തെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മരത്തിന്റെ വേരുകൾ അടുത്തുള്ള കടകളുടെയും വീടുകളുടെയും അടിത്തറ ഇളക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര പിഡബ്ല്യുഡി അധികൃതർക്ക് പലതവണ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. അപകടാവസ്ഥയിലുള്ള നിരവധി പാഴ്‌വൃക്ഷങ്ങളാണ് ടൗൺ പ്രദേശത്തുള്ളത്. പൊതുജനങ്ങൾക്ക് ഭീഷണിയായ വൃക്ഷങ്ങൾ മുറിച്ചുമാറ്റണമെന്നും പകരം ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ നഗരസഭ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ബഹുജന സംഘടനകൾ നെയ്യാറ്റിൻകര നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.










0 comments