ടെക്നോപാർക്ക് പ്രീമിയർ ലീഗ് കിരീടം എച്ച് ആൻഡ് ആർ ബ്ലോക്കിന്; വനിതാ വിഭാഗത്തിൽ ഇൻഫോസിസ് ജേതാക്കൾ

തിരുവനന്തപുരം: ടെക്നോപാർക്ക് ഐടി ജീവനക്കാരുടെ ഏറ്റവും വലിയ കായികമാമാങ്കമായ 'ഫേവറിറ്റ് ഹോംസ് ടെക്നോപാർക്ക് പ്രീമിയർ ലീഗ് 2026' കിരീടം എച്ച് ആൻഡ് ആർ ബ്ലോക്ക് സ്വന്തമാക്കി. വനിതകളുടെ ക്രിക്കറ്റ് ലീഗിൽ യുഎസ്ടിയെ തോൽപ്പിച്ച് ഇൻഫോസിസ് ട്രോഫിയിൽ മുത്തമിട്ടു. പുരുഷന്മാരുടെ ആവേശപ്പോരാട്ടത്തിലും യുഎസ്ടിയെ തന്നെയാണ് എച്ച് ആൻഡ് ആർ ബ്ലോക്ക് പരാജയപ്പെടുത്തിയത്. ടെക്നോപാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരങ്ങൾക്ക് ശേഷം വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ 'പ്രതിധ്വനി'യുടെ നേതൃത്വത്തിൽ ആറുമാസത്തോളമായി നടന്നുവന്ന ഈ ക്രിക്കറ്റ് ഉത്സവത്തിന്റെ സമാപന സമ്മേളനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി. ടൂർണമെന്റിലെ വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ ഇരുവരും ചേർന്ന് സമ്മാനിച്ചു.

ടൈറ്റിൽ സ്പോൺസർമാരായ ഫേവറിറ്റ് ഹോംസിനെ പ്രതിനിധീകരിച്ച് ഫാർവിൻ മുഹമ്മദ് (എജിഎം), മേരി ലീന (സീനിയർ മാനേജർ), രാജീവ് കുമാർ (സീനിയർ മാനേജർ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടിപിഎൽ കൺവീനർ വിപിൻരാജ് അനിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സജിത് ദേവ് സ്വാഗതം ആശംസിച്ചു. പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, സെക്രട്ടറി വിനീത് ചന്ദ്രൻ, സ്പോർട്സ് ഫോറം കൺവീനർ വി പി രജിത് , ടെക്നോപാർക്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡി എസ് അഭിലാഷ്, സീറ്റിയസ് സിഇഒ കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വ്യക്തിഗത പുരസ്കാരങ്ങൾ- ടിപിഎൽ 2026 (പുരുഷന്മാർ):
മോസ്റ്റ് വാല്യുബിൾ പ്ലെയർ: റാംരാജ് (ഫ്യൂച്ചർ ബ്ലോക്സ്)
മികച്ച ബാറ്റർ: സജിൻ വസന്ത (യുഎസ്ടി)
മികച്ച ബൗളർ: അജിത് കണ്ണൻ (എച്ച് ആൻഡ് ആർ ബ്ലോക്ക്)
പ്ലെയർ ഓഫ് ദി ഫൈനൽ: ആനന്ദു രാജ് (എച്ച് ആൻഡ് ആർ ബ്ലോക്ക്)
ടിഡബ്ല്യുസിഎൽ 2026 (വനിതകൾ):
മോസ്റ്റ് വാല്യുബിൾ പ്ലെയർ: ജിഷ ഗോമസ് (ടിസിഎസ്)
മികച്ച ബാറ്റർ: ജിഷ ഗോമസ് (ടിസിഎസ്)
മികച്ച ബൗളർ: അനുശ്രീ സി.എ. (ഇൻഫോസിസ്)
പ്ലെയർ ഓഫ് ദി ഫൈനൽ: അനുശ്രീ സി.എ. (ഇൻഫോസിസ്)
ഐടി മേഖലയിലെ തന്നെ ഏറ്റവും വലിയ കായിക മേളകളിലൊന്നായ ടെക്നോപാർക്ക് പ്രീമിയർ ലീഗിന്റെ ഈ സീസണിൽ 174 പുരുഷ ടീമുകളും 24 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. ആറുമാസത്തിനിടെ മുന്നൂറിലധികം മത്സരങ്ങളാണ് അരങ്ങേറിയത്.











0 comments