മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങളിൽ എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ ഇറങ്ങിയ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ പ്രിൻസിപ്പൽ ഡയറക്ടറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി. ഇതോടെ ഉപരോധം അവസാനിപ്പിച്ചു. പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡയറക്ടർ വാക്കുപാലിച്ചില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭമടക്കം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽകുമാർ, സംസ്ഥാന സെക്രട്ടറി പി സുരേഷ്, യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, പ്രസിഡന്റ് ജി ഉല്ലാസ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം ജെ ഷീജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്ന് ഇറങ്ങിയ ഉത്തരവിൽ സീനിയർ ക്ലർക്ക് തസ്തികയിലെ 107 ജീവനക്കാരെയാണ് മാറ്റിയത്. ഗുരുതര രോഗം ബാധിച്ച ജീവനക്കാരെയടക്കം വിദൂര പ്രദേശങ്ങളിലേക്ക് സ്ഥലംമാറ്റി. പൊതുമാനദണ്ഡം നിലനിൽക്കുന്ന വകുപ്പിൽ മാനദണ്ഡം ലംഘിച്ചാണ് ഭൂരിഭാഗം ജീവനക്കാരെയും സ്ഥലംമാറ്റിയത്.










0 comments