Deshabhimani

ചോദ്യമേതായാലും ഉത്തരം റെഡി

എസ്‌ഐആർ മുതൽ ഏഷ്യൻ ഗെയിംസ്‌ വരെ

From SIR to the Asian Games
avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ഏറ്റവും കൂടുതൽതവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ നേടിയത്‌ ആര്‌? ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 15 ഉപജില്ലാ മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാമത്തെ ചോദ്യം എത്തിയതും ചിലർ ചാടി ഉത്തരമെഴുതി. മറ്റുള്ളവർക്ക്‌ ഒന്ന്‌ ആലോചിക്കേണ്ടി വന്നു. മമ്മൂട്ടി വീണ്ടും ദേശീയ അവാർഡ്‌ സ്വന്തമാക്കിയപ്പോൾ കൂടുതൽതവണ ദേശീയ അവാർഡ്‌ നേടിയ നടന്മാർ മമ്മൂട്ടിയും അമിതാഭ്‌ ബച്ചനും എന്നു പത്രത്തിൽ വായിച്ച ഓർമ പലർക്കുമുണ്ട്‌. എന്നാൽ, നടി ആരെന്ന്‌ ചോദ്യമുയർന്നപ്പോൾ ചിലർ ഒന്നുമടിച്ചു. ശബാന ആസ്‌മി എന്ന്‌ ഉത്തരമെഴുതിയ മിടുക്കർ പോയിന്റ്‌ സ്വന്തമാക്കി. എസ്‌ഐആറിന്റെ പൂർണരൂപം എന്തെന്നായിരുന്നു ആദ്യചോദ്യം. ചെന്നൈ പബ്ലിക്‌ ലൈബ്രറിയിൽ അടുത്തിടെ ഏതു മഹാന്റെ പ്രതിമയാണ്‌ സ്ഥാപിച്ചത്‌, 2026ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ ആദ്യ സ്വർണമെഡൽ ലഭിച്ചത്‌ ഏത്‌ വിഭാഗത്തിലാണ്‌, ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം, ജപ്പാന്റെ കറൻസി തുടങ്ങി ചരിത്രവും കലയും കായികവും ദേശീയവും അന്തർദേശീയവുമായി സമസ്‌ത മേഖലകളിൽനിന്നുമുള്ള ചോദ്യങ്ങൾ. ഓരോ ചോദ്യവും ശ്രദ്ധയോടെ കേട്ട്‌ വിദ്യാർഥികൾ മത്സരിച്ച്‌ ഉത്തരമെഴുതി. ഏത്‌ ചോദ്യം വന്നാലും ഉത്തരം റെഡി എന്ന ആവേശത്തിലായിരുന്നു മത്സരാർഥികൾ. മത്സരം കടുത്തതോടെ പലയിടത്തും ടൈബ്രേക്കർ വേണ്ടിവന്നു വിജയികളെ നിശ്ചയിക്കാൻ. ഓരോ ചോദ്യവും ആകർഷകമായും രസകരമായ ശൈലിയിലും അവതരിപ്പിച്ച്‌ ക്വിസ്‌ മാസ്റ്റർമാരും മത്സരം മനോഹരമാക്കി. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും എത്തിയത്‌ ടാലന്റ്‌ ഫെസ്റ്റ്‌ കൂടുതൽ ആകർഷകമാക്കി. രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസും സംഘടിപ്പിച്ചിരുന്നു. ഉപജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. 25ന്‌ ജില്ലാ മത്സരവും നവംബർ 15ന്‌ സംസ്ഥാന മത്സരവും നടക്കും. ജില്ലാ മത്സരത്തിന്റെ ഭാഗമായി ശാസ്‌ത്ര പാർലമെന്റും നടക്കും. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെയാണ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home