print edition ആണഹങ്കാരങ്ങളെ പൊളിച്ചെഴുതുന്ന ഡോറോത്തി

കാർത്തിക് സുബ്ബരാജ്

അഞ്ജലി ഗംഗ
Published on Oct 11, 2026, 01:01 AM | 3 min read
ഇവളെ വളയ്ക്കാനാണ് അവൻ അവളുടെ കൂടെ നടക്കുന്നത്’, ‘ചേട്ടന്റെ ഭാര്യോടൊപ്പം അനിയന്റെ കമ്പനി, കൊള്ളാം’ ഡോറോത്തി സിനിമ കാണാൻ ഒറ്റയ്ക്കായിരുന്നു ഗ്രീൻഫീൽഡിൽ പോയത്. മുകളിൽ എഴുതിയത് സിനിമ നടക്കുമ്പോൾ തിയറ്ററിൽ തൊട്ടടുത്ത സീറ്റിലിരുന്ന ആണുങ്ങളുടെ ഇക്കിളി കമന്റുകളാണ്. ക്ലീഷേ സോഫ്റ്റ് പോൺ സിനിമയിലെ രംഗങ്ങൾ പ്രതീക്ഷിച്ച അവർ പക്ഷേ ക്ലൈമാക്സ് തീരുന്നതിനു മുന്നേ അസ്വസ്ഥരായി സീറ്റിൽനിന്ന് ഇറങ്ങി ഓടുന്നത് കണ്ടു.
കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ സിനിമയായാണ് ഡോറോത്തി തിയറ്ററുകളിൽ എത്തിയത്. തമിഴ് സിനിമാ ചരിത്രത്തെതന്നെ പുതിയ വഴിയിലേക്ക് കൊണ്ടുപോകുന്ന ശക്തമായ ദൃശ്യാനുഭവം. പരമ്പരാഗത വാണിജ്യ സിനിമാ ഫോർമുലകളെ പൂർണമായും മാറ്റിനിർത്തി, ലിംഗഭേദങ്ങളുടെയും ജാതിരാഷ്‌ട്രീയത്തിന്റെയും ആഴങ്ങളിലേക്ക് ധൈര്യപൂർവം കാമറ തിരിച്ചുവയ്‌ക്കുകയാണ് ഇൗ നാൽപ്പത്തിമൂന്നുകാരൻ. പ്രേക്ഷകരുടെ മനസ്സിനെ ഒരേസമയം അസ്വസ്ഥമാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് തന്മയത്വത്തോടെ ചിത്രം ആവിഷ്‌കരിക്കുന്നത്.

തമിഴ്‌ഗ്രാമത്തിന്റെ കഥ
1990കളിൽ മധുരൈ ഉൾഗ്രാമങ്ങളിൽ നടക്കുന്ന കഥ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്രൂരവും പുരുഷ മേധാവിത്വ അന്തരീക്ഷത്തിൽ വളരുന്ന സുബ്ബുവും ആ നാട്ടിലേക്ക് ഒരു പൊങ്കലിന് അമ്മയോടൊപ്പം കുടിയേറിപ്പാർക്കുന്ന കാർത്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ആദ്യപകുതി മുന്നേറുന്നത്. ആണുങ്ങൾ കരയരുതെന്ന് കാർത്തിയെ പഠിപ്പിക്കുന്ന സുബ്ബു കുട്ടിക്കാലത്ത് അടിക്കും ഇടിക്കും എല്ലാം മുന്നിട്ടിറങ്ങുന്നുണ്ട്. തലപൊട്ടി മുറിഞ്ഞപ്പോൾ കരയുന്ന കാർത്തിയെ, ആണുങ്ങൾ കരയാൻ പാടില്ലെന്ന് സുബ്ബു ഓർമിപ്പിക്കുന്നുണ്ട്.
എന്നാൽ കാലം ഏറെ പിന്നിടുന്പോൾ സുബ്ബുവിന്റെ ഇൗ കാഴ്‌ചപ്പാടുകളെല്ലാം അപ്പാടെ മാറുന്നുണ്ട്. എന്നാൽ കാർത്തി പുരുഷാധിപത്യ ചിന്തകൾ പേറുന്ന ആളായിത്തന്നെ തുടരും. വീട്ടിൽ സ്‌ത്രീകൾ ഇല്ലാതെ വളരുന്ന സുബ്ബു ചേട്ടൻ കല്യാണം കഴിച്ചുകൊണ്ടുവരുന്ന ഡോറോത്തിയുമായി അടുക്കുന്നു. കീർത്തി സുരേഷാണ് ഡോറോത്തിയായി എത്തുന്നത്. ഇവരുടെ സൗഹൃദത്തെയാണ് മേൽപ്പറഞ്ഞ വഷളൻ തമാശയായി ചിലർ കമന്റടിച്ചത്. എന്നാൽ സിനിമ പുരോഗമിക്കുന്പോൾ, സുബ്ബുവിന്റെ ജീവിതത്തിലെ നിർണായക ശക്തിയാണ് ഡോറോത്തി എന്ന് മനസ്സിലാകും.

എന്നാൽ ഡോറോത്തിയും പുരുഷാധിപത്യത്തിന്റെ കൈകളിൽ ഇരയാകുമ്പോൾ അതുവരെ താൻ ജീവിച്ചതും അനുഭവിച്ചതുമായ ആണധികാര ഹുങ്കിന്റെ ചങ്ങലയിൽനിന്ന് പുറത്തുവരാൻ സുബ്ബു മുന്നിട്ടിറങ്ങും. പലരെയും പേടിച്ച് വർഷങ്ങളായി അടക്കിപ്പിടിച്ച തന്റെ സ്വത്വത്തെ സ്വതന്ത്രമാക്കാൻ സുബ്ബു ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ മറുപകുതി. എന്നാൽ കുടുംബത്തിന്റെ അഭിമാനം രക്ഷിക്കുന്നതിനായി സുബ്ബുവിനെ കൊല്ലാൻ അവന്റെ അച്ഛൻ മുന്നിട്ടിറങ്ങുന്നതും അതിൽ കാർത്തിയുടെ പങ്കുമാണ് പ്രേക്ഷകരെ സെക്കൻഡ് ഹാഫിൽ പിടിച്ചിരുത്തുന്നത്. സുബ്ബുവിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത കാർത്തിയും പിന്നീട് കാർത്തിയുടെ ചിന്തയിൽ വരുന്ന മാറ്റങ്ങളുമാണ് സിനിമയുടെ അവസാന നിമിഷങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സിനിമയിലെ എൽജിബിടിക്യു പ്രാതിനിധ്യത്തിന് എതിരെ തമിഴ്നാട്ടിൽ വൻതോതിൽ ഹേറ്റ് ക്യാമ്പയിൻ നടക്കുകയാണ്. പ്രോപഗണ്ട സിനിമയാണെന്നും നിരോധിക്കണമെന്നുമാണ് ആഹ്വാനം. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ബോക്സ് ഓഫീസിൽ തകർപ്പൻ വിജയമാണ് ഡോറോത്തി നേടുന്നത്.
ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴും വലിയ പ്രശംസ നേടിയിരുന്നു. തന്റെ മുൻകാല ചിത്രങ്ങളായ പിസ, ജിഗർതണ്ട, മഹാൻ എന്നിവയിൽനിന്ന് തികച്ചും വ്യത്യസ്തവും ഏറ്റവും റിയലിസ്റ്റിക്കുമായ മേക്കിങ് ശൈലിയാണ് കാർത്തിക് സുബ്ബരാജ് ഡോറോത്തിയിൽ സ്വീകരിച്ചിരിക്കുന്നത്. സങ്കീർണമായ വിഷയത്തെ വികാരഭരിതമായും അതിന്റെ പ്രാധാന്യത്തോടെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ്- കളർ ഫ്രെയിമുകളുടെ ഉപയോഗവും ദീർഘമായ സിംഗിൾ ഷോട്ട് രംഗങ്ങളും സംവിധായകന്റെയും ഛായാഗ്രാഹകന്റെയും സാങ്കേതികത്തികവാണ് വ്യക്തമാക്കുന്നത്.
ട്രാൻസ് സമൂഹത്തിന്റെ ശബ്‌ദം
അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്. സുബ്ബു എന്ന കഥാപാത്രത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സനന്ത് കാഴ്‌ചവച്ചിരിക്കുന്നത്. വൈകാരികമായ സങ്കീർണതകൾ പേറുന്ന വ്യക്തി താൻ ആഗ്രഹിക്കുന്ന സ്വത്വത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന രംഗങ്ങൾ സനന്ത് അതിഗംഭീരമായി പകർന്നാടി. കാർത്തിയായി എത്തിയ ഋഷികാന്ത്, സുഹൃത്തിന്റെ മാറ്റത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നതും പിന്നീട് സമൂഹത്തിന്റെ കെട്ടുപാടുകളിൽനിന്ന് പുറത്തുവരുന്നതും നന്നായി അവതരിപ്പിച്ചു. കുറഞ്ഞ സ്ക്രീൻ സമയമേ ഉള്ളൂവെങ്കിലും കഥയ്ക്ക് നിർണായക വഴിത്തിരിവ് നൽകാനും ആഴത്തിലുള്ള വൈകാരിക സാന്നിധ്യമാകാനും കീർത്തി സുരേഷിനും സാധിച്ചു.

ഇസൈജ്ഞാനി ഇളയരാജയുടെ പശ്ചാത്തലസംഗീതം സിനിമയുടെ ആത്മാവാണ്. ഓരോ രംഗത്തിലെയും സങ്കീർണമായ നിമിഷങ്ങളെ സംഗീതംകൊണ്ട് മനോഹരമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. തിരുനാവുക്കരശിന്റെ ഛായാഗ്രഹണവും ഗണേഷ് ശിവയുടെ എഡിറ്റിങ്ങും ചിത്രത്തിന് കൂടുതൽ ഭംഗി പകരുന്നു.
അവഗണനകളും ആക്രമണങ്ങളും നേരിടുന്ന ട്രാൻസ് സമൂഹത്തോട് സഹതാപം കാണിക്കാനല്ല, മറിച്ച് അവരെ മനുഷ്യരായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും ശ്രമിക്കണമെന്നാണ് സിനിമ പറയുന്നത്. പലപ്പോഴും സിനിമകളിൽ കോമഡി കഥാപാത്രമായും ഇരകളായുംമാത്രം കാണിച്ചിരുന്ന ട്രാൻസ് വ്യക്തിത്വങ്ങൾക്ക് കൃത്യമായ സ്വാഭിമാനവും സ്വത്വവും നൽകുന്നിടത്താണ് ഡോറോത്തിയുടെ വിജയം. നിലവിലുള്ള സാമൂഹ്യശ്രേണികളെ തച്ചുടയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്. കാർത്തിക് സുബ്ബരാജ് പറഞ്ഞിട്ടുണ്ട് "നമ്മളല്ല, നമ്മളുടെ സിനിമകളാണ് സംസാരിക്കേണ്ടതെന്ന്'. അത് ഈ സിനിമയിലൂടെ അദ്ദേഹം അന്വർഥമാക്കുകയാണ്.
മനസ്സിനുള്ളിൽ സ്നേഹവും നന്മയും പേറുന്ന മനുഷ്യരെ ചിന്തിപ്പിക്കുന്ന അബ്സൊല്യൂട്ട് മാസ്റ്റർക്ലാസാണ് ഇൗ സിനിമ. നാവില്ലാത്ത, അധികാരവും ഇടങ്ങളുമില്ലാത്ത ഒത്തിരി മനുഷ്യർക്കുവേണ്ടി സംസാരിക്കുന്ന സിനിമയാണ് ഡോറോത്തി. ജാതിരാഷ്ട്രീയം തുടരെ സംസാരിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമാ മേഖലയിൽനിന്നുതന്നെ ക്വീർ റെപ്രസന്റേഷനുള്ള മികച്ച ദൃശ്യാനുഭവം വന്നതിന് എത്ര കൈയടിച്ചാലും മതിയാകില്ല.









0 comments