Deshabhimani

print edition 'വെളിച്ച'ത്തിന്റെ കാവൽക്കാരൻ

lamp museum in kozhikode

ഐ സി ആർ പ്രസാദ്‌

avatar
ഷംസുദ്ദീൻ കുട്ടോത്ത്‌

Published on Oct 11, 2026, 01:01 AM | 4 min read

ഐ സി ആർ പ്രസാദിന്റെ 
വീട്‌ ‘ദീപാഞ്ജലി’ 
വിളക്കുകളുടെ മ്യൂസിയമാണ്‌. 
കേരളത്തിന്റെ പഴയ 
വിളക്കുകൾമുതൽ 
ലോകത്തിന്റെ പല 
ഭാഗങ്ങളിൽനിന്നെത്തിയ 
അപൂർവ വിളക്കുകൾവരെ. 
ഒരുകാലത്ത് ഒരു വീടിനെ 
പ്രകാശിപ്പിച്ചവ, കപ്പലുകൾക്ക് 
വഴികാട്ടിയവ, മനുഷ്യന്റെ 
കൈകളിൽനിന്ന് മനുഷ്യന്റെ 
ചരിത്രത്തിലേക്ക് മാറിയവ... 
വിളക്കുകളെയല്ല; 
ഇരുട്ടിനെ തോൽപ്പിക്കാൻ 
മനുഷ്യൻ നടത്തിയ 
ആയിരക്കണക്കിന് 
വർഷങ്ങളുടെ ശ്രമങ്ങളെയാണ് 
ഇവിടത്തെ വിളക്കുകൾ 
ഓർമിപ്പിക്കുന്നത്‌


ഇരുട്ടിനെ തോൽപ്പിക്കാൻ മനുഷ്യൻ ആദ്യം കൊളുത്തിയ വെളിച്ചത്തിന്റെ ഓർമയാണ്‌ വിളക്ക്‌. നൂറ്റാണ്ടുകൾ മാറിയിട്ടും വെളിച്ചത്തിന്‌ അതേ തെളിച്ചവും ചൂടുമാണ്‌. അതിന്റെ തീനാളത്തിൽ എരിയുന്നത്‌ പല കാലങ്ങളുടെ ദംശനമേറ്റ ചരിത്രമാണ്‌. പല ദേശങ്ങളുടെയും തീകിനിയുന്ന ചരിത്ര ഏടുകൾ പൊള്ളാതെ, ഈ വെളിച്ചത്തിന്റെ നിഴലിൽ വായിച്ചെടുക്കാം. എല്ലാ മതങ്ങളിലും വിളക്കും വെളിച്ചവും പ്രകാശം പരത്തുന്നുണ്ട്‌. ചില മതങ്ങളുടെമാത്രം അടയാളങ്ങളായി വിളക്കുകൾ മാറുന്ന പുതിയ കാലത്ത്‌, ലോകത്തിന്റെ പല ദേശങ്ങളിൽനിന്നെത്തിയ വിളക്കുകളെ ഒരിടത്ത്‌ ചേർത്തുവച്ച്‌ ‘പ്രകാശി’പ്പിക്കുകയാണ്‌ ഐ സി ആർ പ്രസാദ്‌ ‘ദീപാഞ്ജലി’ എന്ന തന്റെ വീടുകൂടിയായ വിളക്ക്‌ മ്യൂസിയത്തിൽ. കോഴിക്കോട്‌ പുതിയങ്ങാടിയിലെ ‘ദീപാഞ്ജലി’യിൽ എത്തുന്നവരോട്‌ പല കാലത്തിന്റെയും നാടിന്റെയും കഥപറയാനായി ആയിരക്കണക്കിന്‌ വിളക്കുകളാണുള്ളത്‌. ഇന്ത്യയിലെ ഏക വിളക്ക്‌ മ്യൂസിയവും പാരമ്പര്യ എണ്ണവിളക്കുകളുടെ കാര്യത്തിൽ ലോകത്തിലെതന്നെ ഏക മ്യൂസിയവുമാണിത്‌.


​പത്തുതലയുള്ളതും 350 വർഷം പഴക്കമുള്ളതുമായ രാവണൻവിളക്ക്‌, സൂര്യ‐ചന്ദ്ര വിളക്കുകൾ, കപ്പലിന്റെ കൊടിമരത്തിന്റെ മുകളിൽ തൂക്കിയിരുന്ന മാസ്റ്റ്‌ഹെഡ്‌ വിളക്കുകൾ, പേർഷ്യൻ–മോസ്‌കോ വിളക്കുകൾ, തമിഴ്നാ‌ട്ടിലെ പാവൈ വിളക്കുകൾ, ലക്ഷ്‌മിവിളക്കുകൾ, ടർക്കിഷ്‌ വിളക്കുകൾ, കപ്പലിൽനിന്ന്‌ തീരത്തോടും തിരിച്ചും ആശയവിനിമയം നടത്തിയിരുന്ന കമ്യൂണിക്കേഷൻ ലാമ്പ്‌, അമേരിക്കൻ ട്രാമിൽ ഉപയോഗിച്ചിരുന്ന വിളക്കുകൾ, ഹിച്ച്‌കോക്ക്‌ വിളക്കുകൾ, കാറിന്റെ ഹെഡ്‌ലൈറ്റായി ഉപയോഗിച്ചിരുന്ന മണ്ണെണ്ണവിളക്കുകൾ... ഉൾപ്പെടെ കാലവും വിലയും നിശ്ചയിക്കാൻ കഴിയാത്ത വിളക്കുകളാണ്‌ ഇവിടെ ‘പ്രകാശം പരത്തി’ക്കൊണ്ടിരിക്കുന്നത്‌.


lamp museum in kozhikode


പേർഷ്യൻ വിളക്കിൽ ആലേഖനം ചെയ്‌ത ചിത്രങ്ങളെക്കുറിച്ചറിയാൻ വർഷങ്ങളായി അന്വേഷണം നടത്തിക്കൊണ്ടിരുന്ന പ്രസാദിന്‌ ഈയടുത്ത്‌ പേർഷ്യയിൽനിന്ന്‌ വന്ന സ്‌ത്രീകളാണ്‌ ആയിരത്തിയൊന്ന്‌ രാവുകളിലെ കഥാപാത്രങ്ങളാണ്‌ അവയെന്ന്‌ പറഞ്ഞുകൊടുത്തത്‌. ഇങ്ങനെ ഇവിടത്തെ ഓരോ വിളക്കിനും അതിൽനിന്ന്‌ പൊഴിയുന്ന പ്രകാശത്തേക്കാൾ നിറമുള്ള കഥകളുണ്ട്‌. അത്‌ കാണാൻ വിദേശികൾ ഉൾപ്പെടെ ഈ വിളക്കുമാടത്തിൽ എത്താറുണ്ട്‌. വെളിച്ചം എങ്ങനെയാണ് മനുഷ്യന്റെ ജീവിതത്തോടൊപ്പം സഞ്ചരിച്ചത്‌ എന്നതിന്റെ ഒരു സ്വകാര്യ ചരിത്രശേഖരംകൂടിയാണ് പ്രസാദിന്റെ ‘ദീപാഞ്ജലി’.


​അമേരിക്ക, ബൽജിയം, ജർമനി, ഫ്രാൻസ്‌, ഓസ്‌ട്രിയ, ഇംഗ്ലണ്ട്‌... തുടങ്ങി പല രാജ്യങ്ങളിൽനിന്നാണ്‌ വിളക്കുകൾ സംഘടിപ്പിച്ചത്‌. റോമാ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന, ഹൊർമിസ്‌ ദേവന്റെ കൊത്തുപണികളോടെയുള്ള വിളക്കാണ്‌ ഇവിടെയുള്ളതിൽ ഏറ്റവും പഴയത്‌.


രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്നു. 50 ഗ്രാം മാത്രം തൂക്കമുള്ള സങ്കരലോഹ വിളക്കുകൾ ഇവിടെയുണ്ട്‌. 44.5 കിലോ തൂക്കമുള്ള തൂക്കുവിളക്കാണ്‌ ഏറ്റവും വലുത്‌. ഒന്നാം ലോക മഹായുദ്ധകാലത്ത്‌ ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ ഔട്ട്‌ ലാന്തേൺ ഏത്‌ കൊടുങ്കാറ്റിനെയും അതിജീവിക്കുന്നവയാണ്‌. പാരിസിലെ മുന്തിരിത്തോപ്പുകളിൽനിന്ന്‌ വാറ്റിയെടുക്കുന്ന മദ്യം ഉപയോഗിച്ച്‌ കത്തിക്കുന്ന ആൽക്കഹോൾ വിളക്കുകൾ, ഹിച്ച്‌കോക്ക്‌ വിളക്കുകൾ, അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള പന്തം വിളക്കുകൾ, ഒമ്പതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വര്യന്റെ വരികൾ കലിഗ്രാഫിയിലൂടെ ആലേഖനം ചെയ്യപ്പെട്ട സൂഫീവിളക്കുകൾ, ഇസ്രയേലിൽനിന്ന്‌ കൊണ്ടുവന്ന എണ്ണയൊഴിച്ച്‌ കത്തിക്കുന്ന മെനോര വിളക്കുകൾ, മൃഗക്കൊഴുപ്പിൽ കത്തിച്ചിരുന്ന യൂറോപ്പിൽനിന്നുള്ള ക്രൂസി വിളക്കുകൾ, കൽച്ചിരാതുകൾ, മൺചിരാതുകൾ... തിരികൾ ട്രിം ചെയ്യാനുള്ള കത്രികയും വലിയ കൊളുത്തുമുള്ള ‘തുർക്കി വംശജരു’ടെ ഇസ്ലാമികവിളക്ക്‌ എന്നിവയെല്ലാം ഇവിടെയെത്തുന്നവരിൽ കൗതുകം നിറയ്ക്കുന്നു.


lamp museum in kozhikode


​ക്രിസ്‌ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന കുരിശിന്റെ രൂപം പതിച്ച ‘ചിരാതുവിളക്ക്‌’ മച്ചിൽ തൂക്കിയിടുന്ന, തിരി താഴേക്ക്‌ കത്തുന്ന ഇൻകാൻഡസന്റ്‌ വിളക്കുകൾ, കൊട്ടാരത്തിലെ കുഞ്ഞുങ്ങൾ തൊട്ടിലിൽ ആടുമ്പോൾ വെളിച്ചം കിട്ടാൻ തൊട്ടിലിൽ കെട്ടിത്തൂക്കുന്ന വിളക്കുകൾ എന്നിവയുടെയെല്ലാം നിർമാണത്തിലെ ശാസ്‌ത്രീയത പ്രസാദ്‌ വിളക്കന്വേഷികൾക്ക്‌ മടികൂടാതെ എത്രനേരം വേണമെങ്കിലും വിശദീകരിച്ചുകൊടുക്കും. മയിൽ, തത്ത തുടങ്ങി പലതരം പക്ഷികളുടെ രൂപത്തിലുള്ള ക്രാഡിൽ വിളക്കുകളിൽ തീപടരുകയോ എണ്ണ കുട്ടിയുടെ ശരീരത്തിൽ വീഴുകയോ ചെയ്യില്ല; അത്രയും സൂക്ഷ്‌മത നിർമാണത്തിലുണ്ട്‌. കല്ല്, വെങ്കലം, പിച്ചള, ഇരുമ്പ് ഇതിലൊക്കെയാണ്‌ ഇവയുടെ നിർമാണം. കേരളത്തിലെ ഏറ്റവും പഴയ രൂപമായ മാടമ്പിവിളക്കുകൾ, സ്വർണപ്പണിക്കാർ സ്വർണം വിളക്കാൻ ഉപയോഗിച്ചിരുന്ന തിരിയില്ലാത്ത വിളക്കുകൾ, തിരുവിതാംകൂറിന്റെ സ്വന്തം ചമയവിളക്കുകൾ എന്നിവയെല്ലാം ദീപാഞ്ജലിയിലെ വിസ്‌മയങ്ങളിൽ പെടുന്നു.


​ലൈറ്റ്‌ ഹൗസുകളിൽ ലൈറ്റ്‌ കീപ്പറായി രാജ്യം ചുറ്റുന്നതിനിടയിലാണ്‌ പ്രസാദിന്‌ വിളക്കുകളോടുള്ള പ്രണയം തുടങ്ങുന്നത്‌. ലൈറ്റ്‌ ഹൗസുകളെക്കുറിച്ച്‌ ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ പ്രസിഡൻസി ആർക്കൈവ്‌സുകളിലും ഡൽഹിയിലെ നാഷണൽ ആർക്കൈവ്സ്‌, കേരളത്തിലെ ആർക്കൈവ്‌സുകൾ എന്നിവിടങ്ങളിലെല്ലാം പോയാണ്‌ പഠനം നടത്തിയത്‌. ഇന്ത്യയിലെ ലൈറ്റ്‌ ഹൗസുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം വിദേശത്തെ ലൈറ്റ്‌ ഹൗസ് ചരിത്ര പ്രസിദ്ധീകരണങ്ങളിലും ഇടംനേടി. ‘‘ലൈറ്റ്‌ ഹൗസുകളുടെ ഹൃദയമാണല്ലോ വിളക്കുകൾ; അങ്ങനെ ചിന്തിച്ചുതുടങ്ങിയപ്പോൾ മനസ്സിൽ നിറഞ്ഞതാണ്‌ വിളക്കുകളെയും അതിന്റെ കഥകളും അന്വേഷിച്ചുള്ള യാത്രകൾ. ഇന്ത്യയിലെ നിരവധി പുരാതനക്ഷേത്രങ്ങൾ, പള്ളികൾ, മ്യൂസിയങ്ങൾ, ഈജിപ്‌ത്‌, ഫ്രാൻസ്‌, ശ്രീലങ്ക... തുടങ്ങി പലയിടങ്ങളിൽ വിളക്കുകളുടെ കഥ തേടിപ്പോയി’’‐ പ്രസാദ്‌ പറയുന്നു. അടുത്ത ആഴ്‌ച റഷ്യയിലേക്ക്‌ പോകാനുള്ള ഒരുക്കത്തിലാണ്‌. ‘‘എന്റെ എല്ലാ യാത്രകളിലും വിളക്കുകൾ അന്വേഷിക്കാറുണ്ട്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിലെ ഹെർമിറ്റേജ്‌ മ്യൂസിയത്തിൽ ചില പുരാതനവിളക്കുകളുണ്ടെന്ന്‌ അറിഞ്ഞത്‌ കാരണമാണ്‌ റഷ്യയിലേക്ക്‌ യാത്ര തെരഞ്ഞെടുക്കാൻ കാരണം. പാരിസിലെ ലൂവ്ര്‌ മ്യൂസിയത്തിൽ പോയപ്പോൾ എല്ലാവരും മൊണാലിസയുടെ പെയിന്റിങ്ങിന്റെ കൂടെ സെൽഫിയെടുക്കാൻ ക്യൂ നിന്നപ്പോൾ പഴയ റോമൻ വിളക്കുകളുടെ ഗാലറി അന്വേഷിച്ചാണ്‌ ഞാൻ പോയത്‌. തുർക്കിയിലേക്കും വിളക്കുകൾ അന്വേഷിച്ച്‌ യാത്രപോകാനുള്ള ആഗ്രഹം മനസ്സിലുണ്ട്‌.’’


lamp museum in kozhikode


​ലൈറ്റ്‌ ഹൗസ്‌ എൻജിനിയർ ജോലിയിൽനിന്ന്‌ വിരമിച്ചശേഷം 2016 മുതലാണ്‌ പ്രസാദ്‌ ഇന്ത്യയിലെ പുരാതനവിളക്കുകളെക്കുറിച്ച്‌ ഗവേഷണം തുടങ്ങിയത്‌. ഈ വിഷയത്തിൽ ഇന്ത്യയിൽ ഇതുവരെ ആരും ഗവേഷണം നടത്തിയിട്ടില്ലെന്ന്‌ പ്രസാദ്‌ പറയുന്നു. ലൈറ്റ്‌ ഹൗസിലെ ജോലിക്കിടെ ലൈറ്റ്‌ ഹൗസുകളെക്കുറിച്ച്‌ പഠിക്കുകയും ഒമ്പതോളം പുസ്‌തകങ്ങൾ എഴുതുകയും ചെയ്‌തിട്ടുണ്ട്‌. വിളക്കുകളുടെ കഥ പുതിയ തലമുറയ്ക്ക്‌ പകർന്നുനൽകാൻ ‘വിളക്കുകളുടെ പരിണാമം കേരളത്തിലും ഇന്ത്യയിലും’ എന്ന പുസ്‌തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ പ്രസാദ്‌.


​വീടിന്റെ മുകൾനിലയിലെ മുറികളിൽ നിറയെ വിളക്കുവിസ്‌മയങ്ങളാണ്‌. ഈ വിളക്കുവീട്ടിൽ സഹായത്തിന്‌ ഭാര്യ രജിതയും ഒപ്പമുണ്ട്‌. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്‌ ‘വിളക്ക്‌ മ്യൂസിയം’ പുതിയ അറിവുകൾ ഏറെ പകരുമെങ്കിലും സ്ഥലപരിമിതി കാരണം നേരത്തേ വിളിച്ചുപറഞ്ഞ്‌ വരുന്ന വളരെ കുറച്ചുപേർക്കുമാത്രമാണ്‌ സന്ദർശിക്കാൻ അവസരം. കൂടുതൽ സൗകര്യം ഒരുക്കി അടുത്ത തലമുറയ്ക്ക്‌ മ്യൂസിയത്തിൽ വന്ന്‌ പഠനം നടത്താനുള്ള അവസരം ഒരുക്കണമെന്ന സ്വപ്‌നം പ്രസാദിനുണ്ട്‌. സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതിനായി സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്‌.


lamp museum in kozhikode


​രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലൈറ്റ്‌ ഹൗസ്‌ മ്യൂസിയങ്ങളുടെ ക്യുറേറ്ററായിരുന്നു. കണ്ണൂരിലും ആലപ്പുഴയിലും പ്രസാദിന്റെ നേതൃത്വത്തിലാണ്‌ മ്യൂസിയം ഒരുക്കിയത്‌. മിനിക്കോയ്‌ ലൈറ്റ്‌ ഹൗസിന്റെ അപൂർവമായ ചരിത്രം രേഖപ്പെടുത്തിയത്‌ ഇദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്‌. ഏകദേശം 40 വർഷം ലൈറ്റ്‌ ഹൗസ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള ജീവിതമാണ്‌ ലൈറ്റ്‌ ഹൗസ് ചരിത്രഗവേഷകനാക്കി മാറ്റിയത്‌. ഇന്ത്യയിൽ ഇരുനൂറ്റിയഞ്ചും കേരളത്തിൽ പതിനെട്ടും ലൈറ്റ്‌ ഹൗസുകളാണ്‌ നിലവിലുള്ളതെന്ന്‌ പ്രസാദ്‌ പറയുന്നു.


​ഇന്ന് ‘ദീപാഞ്ജലി’യിൽ വെളിച്ചത്തിന്റെ പല കാലങ്ങൾ താമസിക്കുന്നു. കേരളത്തിന്റെ പഴയ വിളക്കുകൾമുതൽ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നെത്തിയ അപൂർവ വിളക്കുകൾവരെ. ഒരുകാലത്ത് ഒരു വീടിനെ പ്രകാശിപ്പിച്ചവ, ക്ഷേത്രവിളക്കുകൾ, കപ്പലുകൾക്ക് വഴികാട്ടിയവ, മനുഷ്യന്റെ കൈകളിൽനിന്ന് മനുഷ്യന്റെ ചരിത്രത്തിലേക്ക് മാറിയവ... വിളക്കുകളെയല്ല; ഇരുട്ടിനെ തോൽപ്പിക്കാൻ മനുഷ്യൻ നടത്തിയ ആയിരക്കണക്കിന് വർഷങ്ങളുടെ ശ്രമങ്ങളെയാണ് ഇവിടത്തെ വിളക്കുകൾ ഓരോന്നും ഓർമിപ്പിക്കുന്നത്‌. വിളക്കുകൾ മനുഷ്യനുള്ളതാണ്‌; മതങ്ങൾക്കുള്ളതല്ല എന്നാണ്‌ പ്രസാദിന്‌ വിളക്കന്വേഷിക്കുന്നവരോട്‌ പറയാനുള്ളത്‌. വെളിച്ചം അണയാതിരിക്കട്ടെ എന്നും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home