അണയാതെ റാണിചന്ദ്ര; ഓർമകൾക്ക് അമ്പതാണ്ട്


വൈഷ്‌ണവ് ബാബു
Published on Oct 11, 2026, 01:01 AM | 2 min read
വരാനിരിക്കുന്ന നൃത്തപരിപാടികളുടെയും പുതിയ സിനിമകളുടെയും സ്വപ്നങ്ങളുമായാണ് 1976 ഒക്‌ടോബർ 12ന് റാണിചന്ദ്ര മുംബൈയിൽനിന്ന് മദ്രാസിലേക്ക് യാത്രതിരിച്ചത്. ചലച്ചിത്രലോകത്ത് തന്റേതായൊരിടം കണ്ടെത്തി കരിയറിൽ ജ്വലിച്ചുനിൽക്കുന്ന സന്ദർഭത്തിൽ അസാധാരണമായ ദുരന്തം ഇരുപത്തേഴുകാരിയായ റാണിയെ വിഴുങ്ങി. യാത്രാമധ്യേ വിമാനത്തിന് തീപിടിച്ച് റാണിയും അമ്മയും മൂന്നു സഹോദരിമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും റാണിയുടെ തിളക്കമുള്ള കണ്ണുകളും ആഴമുള്ള ചിരിയും ആസ്വാദകമനസ്സുകളിൽ തിളങ്ങുന്നു.
സ്വപ്നങ്ങളിലേക്ക് പറന്നുയർന്ന ബാല്യം
സ്വപ്നാടനക്കാരിയായിരുന്നില്ല റാണിചന്ദ്ര. അധ്വാനംകൊണ്ടും നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ടും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയവൾ. 1949-ൽ കൊച്ചിയിലെ ചന്ദ്രൻ-–കാന്തിമതി ദമ്പതികളുടെ മകളായി ജനിച്ച റാണി പഠനകാലംമുതലേ കലയിൽ തിളങ്ങി. ആ കലാലയ ദിനങ്ങളിലാണ് 1965ലെ ‘മിസ് കേരള' കിരീടം ചൂടുന്നത്. ‘മിസ് കേരള ആൻഡ് പാർടി’ എന്ന ഡാൻസ് ട്രൂപ്പും നടത്തിയിരുന്നു. ഇൗ ട്രൂപ്പാണ് സിനിമാലോകത്തേക്ക് നയിച്ചത്. 1968-ൽ ‘പാവപ്പെട്ടവൾ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ആ സിനിമയുടെ ടൈറ്റിലിൽ മിസ്. കേരള എന്നാണ് എഴുതിക്കാണിച്ചിരുന്നത്. ഇതോടെ മലയാള സിനിമാലോകം റാണിയെ ശ്രദ്ധിക്കാനിടയായി. തുടക്കത്തിൽ വിജയം റാണിയെ തുണച്ചില്ല. നവാഗതയ്ക്ക് ഏതു മേഖലയിലും ലഭിക്കുന്ന തണുപ്പൻ പ്രതികരണങ്ങളും ‘രാശിയില്ലാത്ത നടി' എന്ന ദുഷ്‌പേരും തേടിയെത്തി.
പരാജയത്തോട് കീഴടങ്ങിയില്ല. ചെറിയ വേഷങ്ങളെപ്പോലും മികവുറ്റതാക്കി. ആ രൂപം പതുക്കെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. ‘വിവാഹം സ്വർഗത്തിൽ, ചെമ്പരത്തി, ദേവി, ബ്രഹ്മചാരി, നെല്ല്, സിന്ദൂരം, ആരാധിക, അംബ അംബിക അംബാലിക, മുച്ചീട്ടുകളിക്കാരന്റെ മകൾ, ഓടക്കുഴൽ’ ഉൾപ്പെടെ എഴുപതോളം ചിത്രങ്ങൾ. വർഷം പത്തുമുതൽ 13 പടങ്ങളിൽവരെ നായികയായി. തമിഴ് സിനിമയിലും കഴിവുതെളിയിച്ചു.
അവാർഡ് വാങ്ങാൻ കാത്തുനിൽക്കാതെ
1975-ൽ കെ ജി ജോർജ് സംവിധാനം ചെയ്ത "സ്വപ്നാടനം' എന്ന സിനിമ റാണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി. സുമിത്രയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് അർഹയാക്കി. അവാർഡ് വാങ്ങി സന്തോഷം പങ്കുവയ്ക്കാൻ റാണി ചന്ദ്ര കാത്തുനിന്നില്ല. അതിനുമുമ്പേ വിമാനാപകടത്തിൽ വിടപറഞ്ഞു. മരിക്കുമ്പോൾ തമിഴ് ചിത്രമായ ഭദ്രകാളിയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നില്ല. ഒടുവിൽ ഡ്യൂപ്പിനെവച്ച് ചില ഭാഗങ്ങളെടുത്തു. അതുകൊണ്ടും മതിയാകാതെവന്നപ്പോൾ മുൻകാല സിനിമകളിലെ ചില ദൃശ്യങ്ങൾ കൂട്ടിച്ചേർത്താണ് പടം തീർത്തത്. സിനിമ തിയറ്ററിൽ വൻ വിജയമായിരുന്നു.









0 comments