കഴക്കൂട്ടം–കാരോട് ബൈപാസിലെ അശാസ്ത്രീയത പരിഹരിക്കണം: സിപിഐ എം

കോവളം
കഴക്കൂട്ടം–കാരോട് ബൈപാസിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന് സിപിഐ എം കോവളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബൈപാസിൽ പലയിടങ്ങളിലെയും അശാസ്ത്രീയ നിർമാണംകൂടിയാണ് അപകടങ്ങൾക്ക് കാരണം. പലയിടങ്ങളിലും സിഗ്നൽ ലൈറ്റുകളുടെ അഭാവമുണ്ട്. നിലവിലുള്ളവ പലപ്പോഴും പ്രവർത്തനരഹിതമാണ്. ചുരുങ്ങിയ കാലയളവിൽ വാഹനാപകടത്തിൽ മരിച്ചവർ അമ്പതിലധികമാണ്. നിരവധിപേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്കുമുമ്പാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സഹോദരികൾ മരിച്ചത്. ആഴ്‌ചകൾക്കുമുമ്പ് ടോൾ പ്ലാസയ്ക്കുസമീപം ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാരും മരിച്ചിരുന്നു. അവസാനത്തെ ഇരയാണ് ശനി രാത്രി അപകടത്തിൽ മരണപ്പെട്ട പ്രദീപ്. തിരുവല്ലത്ത് പുതിയ പാലത്തിന്റെ നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ല. ഇതിന്റെ ഭാഗമായി നിലവിലെ പാലത്തിനടിയിലൂടെയുള്ള സർവീസ് റോഡ് മുറിച്ചുകടക്കാൻ ഉണ്ടായിരുന്ന വഴിയും അടച്ചു. ഇതോടെ ആളുകൾ ബൈപാസിലൂടെ റോഡ് മുറിച്ച് കടക്കുന്നത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി. ബൈപാസിലെ അശാസ്ത്രീയതകളും മറ്റ് പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കണമെന്ന് സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments