കിടക്കയില്ല
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചു

സുനിലും ഭാര്യ മിനിയും നെടുമങ്ങാട് ജില്ലാ ആശുപത്രി വരാന്തയിൽ
നെടുമങ്ങാട്
കിടക്കയില്ലെന്ന പേരിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചു. വിവാദമായതോടെ കിടക്കയും ചികിത്സയും നൽകി ആശുപത്രി അധികൃതർ തടിതപ്പി. കിടക്കയില്ലെങ്കിൽ രോഗികളെ പ്രവേശിപ്പിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ നിർദേശത്തിന്റെ ഭാഗമായാണ് ചികിത്സാ നി ഷേധം. അപസ്മാര രോഗിയായ ഉഴമലയ്ക്കൽ സ്വദേശി സുനിലിനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിലിനെ തുടർചികിത്സയ്ക്കായി വീടിനുസമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ച് വിട്ടയച്ചു. തിങ്കൾ രാവിലെ സുനിലും ഭാര്യ മിനിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കിടക്കയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. ഗുരുതരമായ രോഗാവസ്ഥയിലായിരുന്നിട്ടും ടിക്കറ്റ് നൽകാനോ നിരീക്ഷണത്തിൽ വയ്ക്കാനോ അധികൃതർ തയ്യാറായില്ല. തറയിൽ കിടന്ന് ചികിത്സയ്ക്ക് വിധേയനാകാമെന്ന് അറിയിച്ചിട്ടും അധികൃതർ വകവച്ചില്ല. കാരുണ്യം പ്രതീക്ഷിച്ച് മണിക്കൂറുകളോളം സുനിലും കുടുംബവും ആശുപത്രി വരാന്തയിൽ കാത്തിരുന്നു. ഒടുവിൽ ജില്ലാ പഞ്ചായത്ത് അധികൃതർ ഇടപെട്ടതോടെ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി സുനിലിന് കിടക്ക ലഭ്യമാക്കി. ചികിത്സ നൽകാനും തീരുമാനിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശത്തിനുശേഷം നിരവധി രോഗികൾക്കാണ് ജില്ലാ ആശുപത്രിയിൽ കിടക്കയില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കപ്പെടുന്നത്. സാമ്പത്തിക സൗകര്യമുള്ളവർ ആശുപത്രിയുടെ കാരുണ്യം കാക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.









0 comments