തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ബിജെപിയിൽ കൂട്ടരാജി

വിളപ്പിൽ
തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി ബിജെപി മലയിൻകീഴ് മണ്ഡലം കമ്മിറ്റിയിൽ തമ്മിലടി രൂക്ഷം. മൂന്ന് ഭാരവാഹികൾ മണ്ഡലം പ്രസിഡന്റിന് രാജിക്കത്ത് നൽകി. മലയിൻകീഴ് ഏരിയ പ്രസിഡന്റ് അശോക് കുമാറിന് ജില്ലാ കമ്മിറ്റിയിൽനിന്ന് കിട്ടിയ 50,000 രൂപ മുക്കിയെന്ന് ആരോപിച്ചാണ് രാജി. ഏരിയ ജനറൽ സെക്രട്ടറി വി മധു, ഏരിയ സെക്രട്ടറി ഐ ജി സുധീർ, വൈസ് പ്രസിഡന്റ് വിനീത് വിഷ്ണുപുരം എന്നിവരാണ് ചുമതല ഒഴിഞ്ഞതായി കത്ത് നൽകിയത്. ഏരിയാനേതൃത്വം സ്ഥാനമാനങ്ങൾ വിറ്റ് പണമുണ്ടാക്കുന്നു എന്ന് രാജിവച്ചവർ കത്തിൽ ആരോപിച്ചു. 50000 രൂപ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. സ്ഥാനാർഥികളുടെ പ്രചാരണത്തിന് അനുവദിച്ച തുക വ്യക്തിപരമായി ചെലവഴിച്ച പ്രസിഡന്റിനൊപ്പം കമ്മിറ്റിയിൽ തുടരാനാകില്ല. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഭിന്നതയിലാണെന്നും ഇവർ ആരോപിച്ചു. ഐ ജി സുധീർ മഞ്ചാടി വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡുകളിൽ വൻതോതിൽ പണം ഒഴുകി എന്ന ആരോപണം തെളിയിക്കുന്നതാണ് സംഭവം.











0 comments