ഉജ്വല റാലിയോടെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

സമ്മേളനത്തിന് സമാപനംകുറിച്ച് നന്ന റാലി

സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്ന റാലിയോടെ ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനത്തിന് ഉജ്വല പരിസമാപ്‌തി. വ്യാഴം വൈകിട്ട് ആറോടെ പുളിമൂട് ജിപിഒ ജങ്‌ഷനിൽനിന്നാണ് ആരംഭിച്ചത്. സമകാലിക രാഷ്‌ട്രീയ, സാംസ്‌കാരിക, ജനകീയ വിഷയങ്ങളെല്ലാം പ്രതിനിധിസമ്മേളനത്തിൽ ചർച്ച ചെയ്‌ത് കൂടുതൽ പോരാട്ടങ്ങളുടെ കരുത്തുമായി മുന്നേറാൻ പ്രതിജ്ഞാബദ്ധരായ യുവതയുടെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു തലസ്ഥാനനഗരിയെ ഇളക്കിമറിച്ച മഹാപ്രകടനം. ഉച്ചഭാഷിണി വാഹനത്തിനുപിന്നാലെ വനിതകളുടെ ചെണ്ടമേളവും ബാൻഡ്‌മേളവും. പിറകിലായി നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി വിദ്യാർഥികളുടെ ഭാവിയെ കെടുത്തി വഞ്ചിച്ച കേന്ദ്ര ബിജെപി സർക്കാരിനെതിരെ പാളയം ബ്ലോക്ക് കമ്മിറ്റിയൊരുക്കിയ പ്രതിഷേധ ഫ്ലോട്ട്. തൊട്ടുപിന്നാലെ ജില്ലാ ബാനറിനുകീഴിലായി യുവജനനേതാക്കൾ അണിനി രന്നു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ജെ എസ് ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി അനൂപ്, ആര്യ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ, ലെനിൻരാജ്, ടി എസ് രേവതി, എസ് ബി ആദർശ്, ആർ ഉണ്ണിക്കൃഷ്‌ണൻ, ജെ ജിനേഷ്, ശിജിത്ത് ശിവസ് എന്നിവരായിരുന്നു മുൻനിരയിൽ. പിന്നാലെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ ബാനറിൻ കീഴിൽ പ്രവർത്തകർ അണിനിരന്നു. പൊതുസമ്മേളന നഗരിയായ ഹഖ് മുഹമ്മദ്–മിഥിലാജ് നഗറിൽ (പുത്തരിക്കണ്ടം മൈതാനം) റാലി എത്തിച്ചേർന്നതോടെ സമാപന പൊതുസമ്മേളനം തുടങ്ങി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി അനൂപ്, ആര്യ രാജേന്ദ്രൻ, സംഘാടകസമിതി ചെയർമാൻ എസ് ജയിൽകുമാർ, വി കെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.









0 comments