തൊഴിലുറപ്പ് പദ്ധതി തകർക്കരുത്: ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തെ ഒരുമിച്ച് എതിർത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി വിബി ജി റാംജി എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ പദ്ധതി നടപ്പാക്കുന്നത് ഗ്രാമീണ മേഖലയെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ജില്ലാ പഞ്ചായത്ത് വിലയിരുത്തി. പദ്ധതിയിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പദ്ധതി നിർത്തലാക്കുന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം തകർക്കും. ജലസംരക്ഷണം, കൃഷി അനുബന്ധ പ്രവൃത്തികൾ, ഗ്രാമീണ റോഡുകളുടെ നിർമാണം തുടങ്ങി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പദ്ധതി വഹിക്കുന്ന പങ്ക് നിർണായകമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. സെക്രട്ടറി വൈ വിജയകുമാർ, സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു










0 comments