ക്രൈം മാപ്പിംഗ് സർവ്വേ: സ്ത്രീധന പീഡനം മുൻനിരയിൽ

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലാതല ക്രൈം മാപ്പിംഗ് കോൺക്ലേവ് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുന്നതിനും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതിയാണ് ക്രൈം മാപ്പിംഗ്. 2024 - 2025 സാമ്പത്തിക വർഷത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുടെ വിവര ശേഖരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മാണിക്കൽ, മാറനല്ലൂർ, ആനാട്, മംഗലാപുരം, നാവായിക്കുളം, പുളിമാത്ത് തുടങ്ങിയ സിഡിഎസുകളിലെ 18 മുതൽ 45 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തിയത്. ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തിയത്. സാമ്പത്തിക അതിക്രമങ്ങളുടെ പട്ടികയിൽ സ്ത്രീധനത്തിൻ്റെ പേരിലുള്ള അതിക്രമം 2768 പേർക്കാണ് നേരിടേണ്ടിവന്നിട്ടുള്ളത്. ഇപ്പോഴും സ്ത്രീകൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട അതിക്രമങ്ങളിൽ ഒന്നാണ് സ്ത്രീധന പീഡനം എന്നതാണ് സർവ്വേയുടെ പ്രധാന കണ്ടെത്തൽ.
സാമ്പത്തിക അതിക്രമത്തിൽ കൂടുതലും സ്ത്രീകൾ സ്ത്രീധന പീഡനം നേരിടുന്നു എന്നും സർവ്വേ വിശദമാക്കുന്നു.സ്നേഹം നടിച്ചുള്ള സാമ്പത്തിക അതിക്രമം 1358 പേർ നേരിടുന്നു. വാചികം 11768, സാമ്പത്തിക അതിക്രമം 7277,ലൈംഗിക അതിക്രമം 7000,സാമൂഹികം 3056,മനസികം 6581,ശാരീരികം 1987 എന്നീ കണക്കുകളും സർവേയിലൂടെ ലഭിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ഗീത നസീർ, സിഡബ്യുസി ചെയർപേഴ്സൺ തിരുവനന്തപുരം അഡ്വ: ഷാനിഫ ബീഗം, വനിതാ പൊട്ടക്ഷൻ ഓഫീസർ എം വി സുനിത, സബ് ഇൻസ്പെക്ടർ, ഡിഎച്ച്ക്യു തിരുവനന്തപുരം റൂറൽ ബി ബിനി മോൾ തുടങ്ങിയ പാനൽ അംഗങ്ങൾ സർവ്വേ വിശകലനം ചെയ്തു സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ജി രമേഷ് ആശംസകൾ അറിയിച്ചു. എഡിഎംസി ജൻഡർ എ ഷീന സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡിപിഎം, ജൻഡർ & എസ്ഐഎസ്ഡി എസ് സ്വാതി പദ്ധതി വിശദീകരണം നടത്തി. അസോസിയേറ്റീവ് പൊജക്ട് ഡയറക്ടർ മഹിള സമഖ്യ എൽ രമാദേവി കോൺക്ലേവ് മോഡറേറ്റ് ചെയ്തു.











0 comments