ad
Deshabhimani

കച്ചവടക്കാർ പെരുവഴിയിൽ; ഉപജീവനം തകർത്ത്‌ കോർപറേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വഴിയോരക്കച്ചവടം നടത്തുന്നവർക്കെതിരെ കള്ളക്കഥ പ്രചരിപ്പിച്ച് കുടിയിറക്കി കോർപറേഷൻ. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണനിയമത്തിന്റെ വ്യവസ്ഥകൾ അട്ടിമറിച്ചാണ്‌ പാവപ്പെട്ടവരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നത്. നിയമവിരുദ്ധ കൈയേറ്റങ്ങളെന്ന്‌ ആരോപിച്ച്‌ നിരവധി കച്ചവടക്കാരെയാണ്‌ പാളയം മാർക്കറ്റിൽനിന്ന്‌ ഒഴിപ്പിച്ചത്‌. പതിറ്റാണ്ടുകളായി കച്ചവടം ചെയ്‌തിരുന്നവരുടെ വരുമാനം നിലച്ചു.ഒഴിപ്പിക്കുന്നതിന്‌ 30 ദിവസംമുന്പ്‌ നോട്ടീസ്‌ നൽകണമെന്നിരിക്കെ ഒരു അറിയിപ്പും നൽകാതെയാണ്‌ മേയറും കോർപറേഷൻ ആരോഗ്യവിഭാഗവുമെത്തി കടകൾ പൊളിച്ചുമാറ്റിയത്‌. ട്രിഡയുടെ സ്ഥലത്ത്‌ കോർപറേഷൻ മുൻ ഭരണസമിതി നിർമിച്ചുനൽകിയ താൽക്കാലിക മാർക്കറ്റിനോട്‌ ചേർന്ന കെട്ടിടങ്ങളാണ്‌ ഇവ. പുതിയ മാർക്കറ്റ്‌ കെട്ടിടം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുനരധിവാസം ഒരുക്കിയതിനാലാണ്‌ പ്രതിഷേധങ്ങളില്ലാതെ ഇവർ മാറിയത്‌. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതുവരെ പുനരധിവാസമൊരുക്കി കച്ചവടസ‍ൗകര്യമൊരുക്കാനും വരുമാനം സംരക്ഷിക്കാനും ബാധ്യതയുള്ള കോർപറേഷനാണ്‌ ശത്രുതാനിലപാടുമായി മുന്നോട്ടുപോകുന്നത്‌. നഗരക്കച്ചവട കമ്മിറ്റി വിളിച്ചുകൂട്ടാനോ, തൊഴിലാളി സംഘടനകളോട് കൂടിയാലോചന നടത്താനോ തയ്യാറാകാതെയായിരുന്നു ഒഴിപ്പിക്കൽ. സമീപത്തെ സ്വകാര്യ ആശുപത്രിക്ക്‌ വഴിയൊരുക്കി നൽകാനുള്ള ആസൂത്രിതനീക്കമാണ്‌ നടത്തുന്നതെന്ന്‌ തൊഴിലാളികൾ ആരോപിച്ചു.


ബുൾഡോസർ രാജ് അവസാനിപ്പിക്കണം

വഴിയോരക്കച്ചവടക്കാരോട്‌ കോർപറേഷൻ സ്വീകരിക്കുന്നത്‌ ദ്രോഹനടപടിയെന്ന്‌ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ. തൊഴിലാളികളെക്കുറിച്ചുള്ള ആക്ഷേപം നഗരക്കച്ചവട കമ്മറ്റി ചർച്ചചെയ്ത്, തൊഴിലാളികൾക്ക് പരാതി പരിഹരിക്കാനുള്ള സമയം നൽകിയാണ് തുടർനടപടിയെടുക്കേണ്ടത്‌. സംഘടനകളുമായി കൂടിയാലോചിച്ച് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. ഉപജീവനമാർഗം തകർക്കുന്ന ഏകാധിപത്യ നടപടിയിൽനിന്ന് പിന്മാറണം. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home