ഇശലൊഴുകും, കളിയാവേശം നിറയും

മൊഗ്രാലിൽ നടന്ന ഫുട്‌ബോൾ ടൂർണമെന്റിൽനിന്ന് (ഫയൽ ചിത്രം)
പി പ്രകാശൻ
Published on Jun 10, 2026, 02:34 AM | 2 min read
കാസർകോട്
പാട്ട് കഴിഞ്ഞാൽ കാൽപ്പന്താണ് മൊഗ്രാലിന്റെ ജീവസ്‌പന്ദനം. മാപ്പിളപ്പാട്ടിനെയും ഫുട്‌ബോളിനെയും നെഞ്ചേറ്റിയ ‘ഇശൽ ഗ്രാമം’ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോളിനെക്കുറിച്ച് നിരവധി പാട്ടുകൾ എഴുതിയവരാണ് ഇവിടെയുള്ളവർ. ആ പാരമ്പര്യം അവർ തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. 1918 കാലത്താണ് മൊഗ്രാലുകാർ ഫുട്‌ബോളിനെ പ്രണയിച്ചുതുടങ്ങിയത്. മർച്ചന്റ് നേവിയിൽ ജോലിചെയ്തിരുന്ന മമ്മൂഞ്ഞി എന്നയാളാണ് നാട്ടിൽ ഫുട്ബോൾ കളി പരിചയപ്പെടുത്തിയത്. അദ്ദേഹം റഷ്യയിൽനിന്ന് കളിപഠിച്ച് രണ്ട് ഫുട്‌ബോളുമായി നാട്ടിൽ മടങ്ങിയെത്തി മൊഗ്രാലിൽ ആദ്യത്തെ ടീമിന് രൂപം നൽകി. 1920ൽ അഹമ്മദ് മാസ്റ്റർ സുസജ്ജമായ ഒരു ടീമുണ്ടാക്കി. ബ്രിട്ടീഷ് കാലത്ത് കുമ്പളയിൽ തമ്പടിച്ച വെള്ളക്കാരോട് എതിരിടാൻ മൊഗ്രാൽ ടീമേ ഉണ്ടായിരുന്നുള്ളൂ. കളിക്കാരിൽ ചിലർ നിമിഷകവികളും പാട്ടുകാരുമായിരുന്നു. പ്രമുഖ കവി എം കെ അബ്ദുള്ള ഫുട്‌ബോളിനെക്കുറിച്ച് എഴുതിയ ‘പ്രകടിതമാം പതി മൊഗരാലിൽ... എന്നുതുടങ്ങുന്ന പാട്ട് പ്രശസ്‌തമാണ്. കൽക്കത്ത മുഹമ്മദൻ സ്‌പോർട്ടിങ്ങിനെക്കുറിച്ച് അഹമ്മദ് ഇസ്മയിൽ 1937ൽ രചിച്ച മാപ്പിളപ്പാട്ടും ശ്രദ്ധേയം. മാപ്പിള സാഹിത്യത്തിന്റെ പ്രധാനകേന്ദ്രമാണ് മൊഗ്രാൽ. മാപ്പിളപ്പാട്ടിലെ ശ്രദ്ധേയ കാവ്യമായ പക്ഷിപ്പാട്ട് രചിച്ചത് മൊഗ്രാല്‍ സ്വദേശിയായ നടുതോപ്പില്‍ അബ്ദുല്ലയാണ്. ഇവിടെയുള്ള കവികളിലും പലരും നിമിഷ കവികൾ കൂടിയാണ്. മീൻപിടിത്തം മുതൽ ഗൾഫ് കുടിയേറ്റം വരെ അവർ വിഷയമാക്കി. ഫുട്ബോളും അതിൽ പ്രധാന വിഷയം. കുമ്പളയിലെ ട്രാവലേഴ്സ് ബംഗ്ലാവിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് സൈനികരുടെ ടീമിനെതിരെ നാട്ടുകാർ ഫുട്ബോൾ മത്സരം കളിച്ചിരുന്നതായി പഴയ തലമുറ ഓർക്കുന്നു. ക്രിക്കറ്റിൽ ഇംഗ്ലീഷുകാരോട് തോറ്റ നാട്ടുകാർ ഫുട്ബോളിൽ 11 ഗോളിന് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയെന്നാണ് പറയുന്നത്. 1914-ൽ നാട്ടിൽ സ്‌കൂൾ ആരംഭിച്ചതോടെ ഫുട്ബോളിന് കൂടുതൽ ഉയർച്ചയുണ്ടായി. നാട്ടുകാർ സ്കൂളിൽ മികച്ച കളി മൈതാനമുണ്ടാക്കി. ഇന്ന് മൊഗ്രാലിൽ ഒരു ഡസനിലധികം സ്പോർട്സ് ക്ലബ്ബുകളുണ്ട്. ഏറ്റവും പഴക്കമുള്ളത് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബാണ്. വർഷത്തിൽ നാലോ അഞ്ചോ ടൂർണമെന്റുകൾ ഇവിടെ സംഘടിപ്പിക്കുന്നു. നിരവധി താരങ്ങൾ ഇവിടെനിന്ന് ഉയർന്നുവന്നിട്ടുണ്ട്. 1960-കളിൽ സന്തോഷ് ട്രോഫി കേരള ടീമിലുണ്ടായിരുന്ന പി സി മുഹമ്മദ് കുഞ്ഞിയാണ് ആദ്യത്തെയാൾ. അടുത്തകാലത്ത് ശ്രദ്ധേയനായ സന്തോഷ് ട്രോഫി താരം ദിൽഷാദ് അബൂബക്കറും മൊഗ്രാലിന്റെ സംഭാവനയാണ്. 2018-ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം മാനേജർ പി സി ആസിഫും മൊഗ്രാലുകാരനാണ്.









0 comments