റേഷൻകടയും പൂട്ടേണ്ടി വരും: കെ കെ ശൈലജ

ഇന്ധനവില വർധനയ്‌ക്കെതിരെ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂർ ആർഎസ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖിക
Published on Jun 10, 2026, 02:35 AM | 1 min read
കണ്ണൂർ
ഭക്ഷ്യധാന്യ ഗോഡൗണുകൾ അദാനിക്ക് കൈമാറിയ കേന്ദ്രസർക്കാർ നടപടി റേഷൻ കടകളെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കെത്തിക്കുമെന്ന് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ശൈലജ പറഞ്ഞു. ഇന്ധനവില വർധനയ്‌ക്കെതിരെ അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂർ ആർഎസ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകകയായിരുന്നു അവർ. ഭക്ഷ്യവസ്‌തു ശേഖരണവും സംരക്ഷണവും കൈമാറ്റവും എല്ലാം കേന്ദ്രസർക്കാർ അദാനിക്ക് ഏൽപിച്ചു. അദാനിയുടെ കൈയിലായാൽ സബ്‌സിഡി അരി ഇല്ലാതാകും. ഫലത്തിൽ റേഷൻ കടകൾ ഇല്ലാതാകുന്ന അവസ്ഥയാണ്. അതിരൂക്ഷമായ വിലക്കയറ്റമാണ് പാചകവാതകത്തിനും എണ്ണയ്‌ക്കും. നാമമാത്ര വരുമാനമുള്ള കുടുംബങ്ങളെ ഏറെ വലയ്‌ക്കുന്നതാണ് പാചകവാതക വില. പല തട്ടുകടകളും പൂട്ടി. ഹോട്ടലുകളും പലതും അടഞ്ഞു. വിറകടുപ്പിലേക്ക് മാറാൻ വിറകും നാട്ടിലില്ല. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടേണ്ട കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ബഡായി മാത്രം പറയുകയാണിപ്പോഴെന്നും ശൈലജ പറഞ്ഞു. കനത്ത മഴയിലും നിരവധിപേരാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. ജില്ലാ പ്രസിഡന്റ് സി രജനി അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുലേഖ, ടി ടി റംല, പി വി ശോഭന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു.









0 comments