ad
Deshabhimani

ഷിഗെല്ല

പടരുന്നു രോഗവും ആശങ്കയും

ഷിഗെല്ല
വെബ് ഡെസ്ക്

Published on Jun 10, 2026, 02:45 AM | 1 min read

ബത്തേരി കോളിയാടി മാർ ബസേലിയോസ്‌ എയുപി സ്‌കൂൾ വിദ്യാർഥികൾക്ക്‌ ബാധിച്ച ഷിഗെല്ല പടരുന്നു. ചൊവ്വാഴ്‌ച ഒരുകുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം മൂന്നായി. അധ്യാപികയെയും രണ്ട് രക്ഷിതാക്കളെയും രോഗലക്ഷണങ്ങളോടെ ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 സാന്പിളുകൾ പരിശോധിച്ചതിൽ ഫലം വന്ന മൂന്നാമത്തേതും പോസിറ്റീവായി. വിദ്യാർഥികളെ ബാധിച്ച ചർദ്ദിയും വയറിളക്കവും മറ്റുള്ളവരിലേക്കും പടരുകയാണ്‌. ഇതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായി. രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുന്നതായാണ്‌ വിലയിരുത്തൽ. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കുട്ടികൾക്കാണ്‌ തിങ്കളാഴ്‌ച ഷിഗെല്ല സ്ഥിരീകരിച്ചത്‌. ഇവരുടെ പരിശോധനാ ഫലം വരുന്നതിനുമുന്പ്‌ ആശുപത്രിയിൽനിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌തിരുന്നു. രണ്ട്‌ കുട്ടികളുടെ അമ്മയായ ചുള്ളിയോടിനടുത്ത യുവതിയും മാടക്കര സ്വദേശിയായ അധ്യാപികയുമാണ്‌ ഷിഗെല്ല ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്‌. 443 വിദ്യാർഥികളാണ്‌ വിവിധ ആശുപത്രികളിൽ ചികിത്സക്കായി എത്തിയത്‌. താലൂക്ക്‌ ആശുപത്രി ഒപിയിൽ മാത്രം 275 കുട്ടികളാണ്‌ പരിശോധനക്കെത്തിയത്‌. ഇവരിൽ 71 പേരെയാണ്‌ അഡ്‌മിറ്റാക്കിയത്‌. രോഗം പടരുന്നതിന്‌ കാരണമായെന്ന്‌ സംശയിക്കുന്ന സ്‌കൂളിലെ കിണർ വെള്ളത്തിന്റെ സാന്പിൾ പരിശോധനക്ക്‌ അയച്ചതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നുും രണ്ടുദിവസത്തിനകം ലഭ്യമാകുമെന്നും ഡിഎംഒ കെ ടി രേഖ പറഞ്ഞു. ആശുപത്രികളിൽ നിന്നും ഡിസ്‌ചാർജ്‌ ചെയ്യപ്പെട്ട കുട്ടികൾ വീണ്ടും ചികിത്സക്കായി ചൊവ്വാഴ്‌ചആശുപത്രികളിലെത്തി. ഇതുവരെ പരിശോധനകൾക്ക്‌ വിധേയരാവാത്ത കുട്ടികളെയും രക്ഷിതാക്കൾ ആശുപത്രികളിൽ എത്തിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home