ശുചീകരണം താളംതെറ്റി; പ്രതിഷേധവുമായി കോർവ

തിരുവനന്തപുരം
കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം സമ്പൂർണമായി താളംതെറ്റിയെന്ന് ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ കോർവ. ജില്ലയിൽ പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ വകുപ്പും തദ്ദേശ ഭരണവകുപ്പും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കോർവ ആവശ്യപ്പെട്ടു. ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അവർ അറിയിച്ചു. റസിഡന്റ്‌സ് അസോസിയേഷനുള്ളിലെ റോഡുകളും പൊതുസ്ഥലങ്ങളും ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരുന്നത് നിലച്ചു. ശുചീകരണ തൊഴിലാളികളുടെ കുറവുപറഞ്ഞ് പ്രധാന റോഡുകൾ മാത്രമാണ് വൃത്തിയാക്കുന്നത്. കോർപറേഷന് ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങളില്ല. ഹെൽത്ത് ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറവാണ്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കരിയിലപ്പെട്ടികൾ സമയത്തിന് വൃത്തിയാക്കുന്നില്ല. തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിവിധി കൃത്യമായി നടപ്പാക്കണം. നദികൾ, തോടുകൾ, ഓടകൾ എന്നിവ ശുചീകരിക്കണം. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജലാശയങ്ങളിലേക്ക് തുറന്നുവിടുന്ന മാലിന്യ പൈപ്പുകൾ കണ്ടെത്തി അടയ്‌ക്കണം. ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി വൃത്തിഹീനമായി പ്രവർത്തിക്കുന്നവയ്ക്കെതിരെ നടപടി എടുക്കണമെന്നും കോർവ ജില്ലാ പ്രസിഡന്റ് വി എസ് അനിൽ പ്രസാദ് പൂജപ്പുര, ജനറൽ സെക്രട്ടറി കെ ജയദേവൻ എന്നിവർ ആവശ്യപ്പെട്ടു.










0 comments