Deshabhimani

സ്പെഷ്യാലിറ്റി ബ്ലോക്കും അടഞ്ഞുതന്നെ

രോഗികളെ കിടത്താൻ ഇടമില്ലാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി

 താലൂക്കാശുപത്രിയിലെ  അടച്ചുപൂട്ടിയ പഴയ ബ്ലോക്ക്

താലൂക്കാശുപത്രിയിലെ അടച്ചുപൂട്ടിയ പഴയ ബ്ലോക്ക്

avatar
പി പ്രദീപ്‌

Published on Oct 05, 2026, 12:00 AM | 1 min read

ചിറയിൻകീഴ്

ദിവസേന 300ലേറെപ്പേർ ചികിത്സയ്ക്കെത്തുന്ന ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യവും കിടത്തി ചികിത്സിക്കാൻ ഇടവുമില്ലാത്തതിനാൽ മറ്റ് ആശുപത്രികൾ തേടിപ്പോകേണ്ട ഗതികേടിൽ രോഗികൾ. നാൽപ്പതിലേറെ വർഷം പഴക്കമുള്ള ജനറൽ വാർഡുകൾ സ്ഥിതിചെയ്യുന്ന ബഹുനില മന്ദിരം അടച്ചുപൂട്ടി നാളുകളായി. 72 കോടി ചെലവിൽ ഏഴുനിലകളിലായി നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം തുറന്നുനൽകിയിട്ടുമില്ല. നാലോ അഞ്ചോ കിടത്തി ചികിത്സിക്കാനുള്ള സ‍ൗകര്യംമാത്രമാണ്‌ നിലവിലുള്ളത്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയ്ക്കായി താലൂക്ക്‌ ആശുപത്രിയിലെത്തുന്നവർക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. ഡയാലിസിസ്‌ ചെയ്യുന്നത്‌ അടച്ചിട്ട പഴയ കെട്ടിടത്തിലാണ്. ഇവരിൽനിന്ന് സമ്മതപത്രം എഴുതിവാങ്ങിയശേഷമാണ് ചികിത്സ. ഡയാലിസിസിനിടെ ആരോഗ്യം മോശമായാൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ വിടുന്നത് പതിവാണ്‌. അസ്ഥിരോഗം, ജനറൽ മെഡിസിൻ, ഇഎൻടി തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യത്തിന്‌ ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഒപിയിലടക്കം വലിയ തിരക്കാണ്. ജീവനക്കാരും രോഗികളും തമ്മിൽ നിരന്തരം വാക്കേറ്റമുണ്ടാകുന്നു. ഫാർമസിയിൽ അവശ്യമരുന്നുകൾ പലതുമില്ല. ശുചിമുറിയില്ല. സർക്കാർ ഫണ്ടിൽ നിർമിച്ച ‘ടേക് എ ബ്രേക്ക്’ തുറന്നയുടൻ പൂട്ടി. പാലിയേറ്റീവ് കെയർ രോഗികൾക്കായുള്ള സേവനകേന്ദ്രത്തിനും താഴിട്ടു. മുലയൂട്ടുന്ന അമ്മമാർക്കും വയോജനങ്ങൾക്കും സ്ത്രീകൾക്കും വിശ്രമിക്കാനുളള ‘വാത്സല്യക്കൂടാരം’ മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്‌. ആശുപത്രി കോമ്പൗണ്ടിലും ഒപിയിലുമടക്കം നായകളുടെ സ്വൈരവിഹാരമാണ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന്‌ പ്രവർത്തനം ആരംഭിക്കാനാകുമെന്നതിൽ അധികൃതർക്ക്‌ മറുപടിയില്ല. അത്യാഹിതവിഭാഗം, നിരീക്ഷണവാർഡ്, നാല് ഓപ്പറേഷൻ തിയറ്ററുകൾ, സർജിക്കൽ വാർഡ്, 30 കിടക്കയുള്ള ഡയാലിസിസ് യൂണിറ്റ്, സിടി സ്‌കാൻ, എക്സ്‌റേ, മാമോഗ്രാം എന്നിവയടക്കം പുതിയ ബ്ലോക്കിൽ സ‌ജ്ജീകരിക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home