ശുചീകരണത്തൊഴിലാളി നിയമനം തടയാനുള്ള ശ്രമം
നഗരം മാലിന്യക്കുപ്പയാക്കുക ബിജെപിക്കാരുടെ ലക്ഷ്യം

ബിമൽ പേരയം
Published on Jul 18, 2025, 12:02 AM | 1 min read
തിരുവനന്തപുരം
തലസ്ഥാന നഗരിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റി രാഷ്‌ട്രീയ വിളവെടുപ്പിനൊരുങ്ങി ബിജെപി. രാവിലെ മുതൽ രാത്രിവരെ തൊള്ളായിരത്തോളം കണ്ടിൻജന്റ് ജീവനക്കാരാണ് നഗരമാലിന്യം ശുചീകരിക്കുന്നത്. രാത്രി ഏറെ വൈകിയും ഇത്തരത്തിൽ നഗരം വൃത്തിയാക്കുന്നവരെ കാണാം. 60 വയസ്സ് പിന്നിട്ട് ജോലിയിൽനിന്ന് വിടുതലാകുന്നവർക്ക് പകരം ഉടൻ പകരക്കാരെ നിയോഗിക്കേണ്ടതുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ച് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്‌റ്റർ ചെയ്‌തവരിൽനിന്ന് മുൻഗണന പ്രകാരമാണ് നിയമനം. ഈ സാഹചര്യം നിലനിൽക്കെയാണ് സ്വന്തം അഴിമതി മറയ്‌ക്കാൻ ശുചീകരണത്തൊഴിലാളികളുടെ നിയമനം തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കം. നഗരത്തെ മാലിന്യക്കൂമ്പാരമാക്കി മാറ്റി കോർപറേഷനെതിരെ ജനവികാരം ഇളക്കിവിട്ട് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇതിന് പിന്നിലെ കുതന്ത്രം. ശുചീകരണത്തൊഴിലാളികളുടെ നിയമനം തടസ്സപ്പെടുത്തിയാൽ നഗരശുചീകരണത്തെ ബാധിക്കും. അതും നേട്ടമാക്കാം എന്ന നിലയ്‌ക്കാണ് ആലോചന. ഒരു ഭാഗത്ത് ഹരിതകർമസേനയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടുകയും സൗജന്യ അപേക്ഷാഫോമുകൾക്ക് ഗുണഭോക്താക്കളിൽനിന്ന് പണം ഈടാക്കുകയും ചെയ്‌ത് അഴിമതിയിൽ മുങ്ങിനിൽക്കുന്ന കൗൺസിലർമാരായ പി വി മഞ്ജുവിനെയും ആശാനാഥിനെയും സംരക്ഷിക്കാനും മറുഭാഗത്ത് നിയമനത്തിന്റെ പേരിൽ പൊല്ലാപ്പുണ്ടാക്കിയാൽ നഗരശുചീകരണത്തിന് തടയിടാനുമാകും. കഴിഞ്ഞ ദിവസങ്ങളിൽ യുവമോർച്ചക്കാരെ രംഗത്തിറക്കി കോർപറേഷനെ കലാപവേദിയാക്കി മാറ്റാൻ ശ്രമിച്ചതും ഇതേ ലക്ഷ്യത്തിലാണ്. പൊലീസിന്റെ ഷീൽഡുകൾ തകർത്തും കല്ലേറുനടത്തിയും പ്രകോപിപ്പിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചതോടെ സമരോദ്ദേശ്യം ഫലിച്ചില്ല. തൊഴിലാളികളുടെ കുറവ് നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നതിനാലാണ് പട്ടികയിലുൾപ്പെട്ടവർക്ക് അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങിയത്. 56 ഒഴിവാണ് ഉള്ളത്.









0 comments