ad
Deshabhimani

വൻ ഡിമാൻഡിൽ 
 വാഴക്കുല വിപണി

കാവൽക്കിണർ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാഴക്കുലകൾ

കാവൽക്കിണർ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാഴക്കുലകൾ

avatar
അഖിലേഷ് ആനാവൂർ

Published on Aug 24, 2026, 12:00 AM | 1 min read

​വെള്ളറട

തിരുവോണത്തിന് ദിവസങ്ങൾ ശേഷിക്കെ വാഴക്കുലവിപണി സജീവമാകുന്നു. കന്യാകുമാരി ജില്ലയിലെ വടശേരി, ഒഴുഗിനശേരി ചന്തകളിലും ജില്ലാതിർത്തിയിൽ കാവൽക്കിണറിൽ തിങ്കളാഴ്ചകളിൽ പ്രവർത്തിക്കുന്ന സ്ഥിരം പച്ചക്കറി മാർക്കറ്റുകളിലും വിവിധയിനം വാഴക്കുലകളുടെ വരവ് വർധിച്ചതാണ് വിപണിയിൽ ഉണർവേകിയത്. തിരുവോണം അടുത്തതോടെ ഏത്തക്കായയ്ക്കാണ് (നേന്ത്രക്കായ) വിപണിയിൽ കൂടുതൽ ആവശ്യക്കാർ. മഴ കുറഞ്ഞതിനെത്തുടർന്ന് തമിഴ്നാട് മാർക്കറ്റുകളിലേക്ക് എത്തുന്ന ഏത്തക്കായ കുലകളുടെ കുറവാണ് ഡിമാൻഡ് കുതിച്ചുയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. 10 കിലോയോളം തൂക്കം വരുന്ന ഒരു ഏത്തക്കായക്കുലയ്ക്ക് ചൊവ്വാഴ്ച കാവൽക്കിണർ ചന്തയിൽ 500 മുതൽ 600 രൂപവരെയായിരുന്നു മൊത്തവ്യാപാര വില. വില ഇനിയും ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. കാവൽക്കിണർ മാർക്കറ്റിൽ 50 കായകൾ അടങ്ങിയ മറ്റു കുലകൾക്ക് 800 മുതൽ 900 രൂവരെയും എട്ടു കിലോ തൂക്കമുള്ള നേന്ത്രപ്പഴത്തിന് 450 മുതൽ 550 രൂപവരെയും 100 കായകൾ വരുന്ന ഏത്തക്കായക്കുലയ്ക്ക് 550 മുതൽ 650 രൂപവരെയുമാണ്‌. 12 കിലോ തൂക്കം വരുന്ന പാളയംകോടൻ കുലയ്ക്ക് 350 മുതൽ 450 രൂപവരെയും 120 കായകൾ അടങ്ങിയ കപ്പപ്പഴത്തിന് 550 മുതൽ 650 രൂപവരെയും അഞ്ചു കിലോ തൂക്കമുള്ള അട്ടിക്കുലയ്ക്ക് 500 മുതൽ 600 രൂപവരെയുമാണ്‌ വിലനിലവാരം. കന്യാകുമാരി ജില്ലയ്‌ക്കുപുറമെ മാർത്താണ്ഡം, ചാല മാർക്കറ്റ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്കുള്ള വാഴക്കുലകളുടെ പ്രധാന വിപണന കേന്ദ്രം കൂടിയാണ് കാവൽക്കിണർ. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന കാവൽക്കിണറിലെ സ്ഥിരം പച്ചക്കറിച്ചന്തയിലേക്ക് പ്രധാനമായും കളക്കാട്, നാങ്കുന്നേരി രാധാപുരം, പണങ്കുടി എന്നിവിടങ്ങളിൽനിന്നാണ് വാഴക്കുലകൾ എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home