ആറ്റുകാൽ പൊങ്കാല അവലോകന യോഗം: പ്രവൃത്തികൾ 25നകം പൂർത്തിയാക്കും

തിരുവനന്തപുരം : മാർച്ചിൽ ആരംഭിക്കുന്ന ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് ചെയ്തുതീർക്കാനുള്ള പ്രവൃത്തികൾ 25നകം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സബ്കലക്ടർ ഒ വി ആൽഫ്രഡ് നിർദേശം നൽകി.
പൊങ്കാല ദിവസം റോഡിനിരുവശങ്ങളിലും പാർക്കിങ് കർശനമായി നിരോധിക്കും. റെയിൽവേ വളപ്പിനുള്ളിൽ അടുപ്പുകൾ നിരത്തുന്നത് തടയാനും പൊലീസ് നടപടിയെടുക്കും. പൊങ്കാല ദിവസത്തിൽ കോർപറേഷൻ, ഫയർ ആൻഡ് റെസ്ക്യൂ എന്നിവരുടേത് ഉൾപ്പെടെ 11 ആംബുലൻസുകളാണ് സജ്ജീകരിക്കുന്നത്. 650 കുട്ടികളാണ് ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്.
ചെറുവയ്ക്കൽ, ഈഞ്ചക്കൽ എന്നിവിടങ്ങളിലാണ് പൊങ്കാലയ്ക്കുശേഷം കോർപറേഷന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടങ്ങളിൽ തീപിടിത്തമുണ്ടായാൽ നിയന്ത്രിക്കാൻ ഒരു ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് ഉണ്ടാകണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. പൊങ്കാലയ്ക്ക് ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ "ഹരിത പൊങ്കാല, പുണ്യ പൊങ്കാല' ക്യാമ്പയിനും ശക്തമാക്കും. എക്സൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വിഭാഗങ്ങൾ പൊങ്കാല ദിനത്തിൽ നടത്തുന്ന സ്പെഷ്യൽ സ്ക്വാഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും സബ് കലക്ടർ ആവശ്യപ്പെട്ടു.
പൊങ്കാല ദിനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കോർപറേഷൻ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം താലൂക്ക് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും വാട്ടർ ടാങ്കർ ലോറികളും സജ്ജമാക്കും. പൊങ്കാലദിനത്തിൽ ക്ഷേത്ര പരിസരത്ത് ഇ- ടോയ്‌ലറ്റ് സംവിധാനവും കോർപറേഷൻ ഒരുക്കും. എഡിഎം ബീന പി ആനന്ദ്, പൊലീസ് –- അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









0 comments