ad
Deshabhimani

ശ്രീകണ്‌ഠേശ്വരത്തെ ആക്രമണം

തകർന്നുപോയത്‌ 
പൊലീസ് നിലപാടിൽ

ശ്രീകണ്‌ഠേശ്വരത്ത് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ രാജേഷും 
മകൻ അഭിനവും

ശ്രീകണ്‌ഠേശ്വരത്ത് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ രാജേഷും 
മകൻ അഭിനവും

വെബ് ഡെസ്ക്

Published on Jun 09, 2026, 12:30 AM | 1 min read

തിരുവനന്തപുരം

‘ഒറ്റയടിയിൽ എന്റെ കണ്ണട തെറിച്ചുപോയി. ഒപ്പം ഹെൽമെറ്റും. കണ്ണട ഇല്ലാതെ ഒട്ടും കാണാനാവില്ല. കൂടാതെ മർദനമേറ്റ്‌ ശരീരമാസകലം വേദനയും. എന്നിട്ടും പൊലീസ്‌ പറഞ്ഞത് മകനെയുംകൊണ്ട് ബൈക്കിൽ ആശുപത്രിയിലേക്ക് പോകാനാണ്. ആ മറുപടി മാനസികമായി തളർത്തി. ഒടുവിൽ ബൈക്കിൽ മകനെയും വാരിയെടുത്ത്‌ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്നു. ബൈക്കോടിക്കുമ്പോൾ കാഴ്‌ച മങ്ങുന്നുണ്ടായിരുന്നെങ്കിലും മകനെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനായിരുന്നു ശ്രമം’– രാജേഷിന്റെ വാക്കുകളിൽ സംരക്ഷകർ ആകുമെന്ന്‌ കരുതിയവർ നിഷ്‌ക്രിയരായി നോക്കിനിന്ന ദുരനുഭവം. ശ്രീകണ്‌ഠേശ്വരത്ത്‌ അച്ഛനും മകനും ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അനാസ്ഥ. ആക്രമണം നടക്കുന്നതായി വിവരം ലഭിച്ചിട്ടും വളരെ വൈകിയാണ് വഞ്ചിയൂർ പൊലീസ്‌ സ്ഥലത്തെത്തിയത്. ആക്രമിക്കപ്പെട്ടവർക്ക് ചികിത്സാസഹായം ഉറപ്പാക്കുന്നതിലും വീഴ്‌ചയുണ്ടായി. ആക്രമിക്കപ്പെട്ടവർക്ക്‌ സുരക്ഷയൊരുക്കാനോ ആക്രമണം തടയാനോ പൊലീസ്‌ ഇടപെട്ടില്ലെന്ന്‌ വ്യക്തം. പൊലീസ്‌ നോക്കിനിൽക്കെയാണ്‌ പ്രധാനപ്രതി സ്ഥലത്തുനിന്ന്‌ രക്ഷപ്പെട്ടത്‌. ആക്രമണസമയത്ത്‌ ഒരു പൊലീസ്‌ വാഹനം സ്ഥലത്തുണ്ടായിരുന്നതായും ഇതിലുണ്ടായിരുന്ന പൊലീസുകാർ ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്‌. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ്‌ പൊലീസ്‌ കേസ്‌ അന്വേഷിക്കാൻപോലും തയ്യാറായത്‌. മൃഗീയമായ ആക്രമണം നടന്നിട്ടും ശനി രാവിലെ രാജേഷിന്റെ ഭാര്യയെ ഫോണിൽ വിളിച്ച പൊലീസ്‌ ഉദ്യോഗസ്ഥൻ ‘പരാതിയുണ്ടോ’ എന്ന്‌ ചോദിച്ച്‌ പരിഹസിക്കുകയാണുണ്ടായത്‌. വഴിക്ക്‌ തടസ്സമായി കിടന്ന കാർ മാറ്റാനായി ഹോൺ മുഴക്കിയതിനാണ്‌ പ്രതികൾ ബിഎസ്‌എൻഎൽ ജീവനക്കാരൻ രാജേഷിനെയും മകൻ അഭിനവിനെയും നടുറോഡിലിട്ട്‌ തല്ലിച്ചതച്ചത്‌. വെള്ളി രാത്രി എട്ടരയോടെ ശ്രീകണ്‌ഠേശ്വരം കൈതമുക്കിൽനിന്ന്‌ ചന്ദ്രശേഖരൻ നായർ റോഡിലേക്ക്‌ പോകുന്ന വഴിയിലായിരുന്നു സംഭവം. ഗുണ്ടാനേതാവ്‌ ശ്യാംകുമാറിന്റെ (തകരപ്പറമ്പ്‌ കുട്ടൻ) നേതൃത്വത്തിലായിരുന്നു ആക്രമണം. മുഖത്ത്‌ അടിച്ചശേഷം കഴുത്തിന്‌ പിടിച്ച്‌ തുടരെ അടിക്കുകയായിരുന്നു. രാജേഷ്‌ സഹായത്തിനായി അടുത്തുള്ള ഹോട്ടലിലേക്ക്‌ ഓടിയപ്പോഴാണ്‌ പ്രതികൾ പ്ലസ്‌ടു വിദ്യാർഥിയായ മകൻ അഭിനവിനെ മർദിച്ചത്‌. കുട്ടിയാണെന്ന പരിഗണനപോലും നൽകാതെ കൈകൾ പുറകിലേക്ക്‌ പിടിച്ചുവച്ച്‌ മുഖത്തും മുതുകിലും ഇടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home