കളംനിറഞ്ഞ് കാവലാളുകൾ

കിരീടം പാലത്തിന് മുന്നിൽ കട നടത്തുന്ന മോഹനനും ഒപ്പം ജനാർദ്ദനനും
എസ് കിരൺബാബു
Published on Apr 06, 2026, 11:29 PM | 2 min read
തിരുവനന്തപുരം
കൊടുംവേനലാണെങ്കിലും പൊന്മുടിയിലെ ഹെയർപിന്നുകൾ ഓരോന്നും പിന്നിടുമ്പോഴും തണുപ്പ് കൂടിക്കൂടി വന്നു. 22 കൊടുംവളവുകളും താണ്ടി മുകളിലെത്തിയപ്പോൾ കോടമഞ്ഞ് പുതഞ്ഞു. രാവിലെ ഒന്പതോടെ ഇളംപച്ച നിറത്തിലുള്ള ഷർട്ടും മുണ്ടും ചുവന്ന ഷാളും അണിഞ്ഞ് വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി കെ മുരളിയെത്തി. തങ്ങളുടെ പ്രിയ എംഎൽഎയെ വരവേൽക്കാൻ തോട്ടംതൊഴിലാളികൾ കാത്തുനിൽക്കുകയായിരുന്നു. പതിയെ കോടമഞ്ഞ് മാഞ്ഞതോടെ കുന്നിന് മുകളിൽ ഉയർത്തിയ ചെമ്പതാകകൾ പാറിക്കളിക്കുന്നത് കൂടുതൽ വ്യക്തമായി. സഞ്ചാരികളുടെ പറുദീസയെന്നാണ് ഇന്ന് പൊന്മുടി അറിയപ്പെടുന്നത്. ഇത് ചുമ്മാ കിട്ടിയ വിശേഷണമല്ല. ഒരു ജനപ്രതിനിധിയുടെ കൈയൊപ്പുള്ള സമഗ്രവികസന പദ്ധതിയാണ് ഇവിടെ നടപ്പാക്കിയത്. പൊൻമുടിയിൽ സഞ്ചാരികൾ വർധിച്ചതോടെ ഇവിടെ കച്ചവടം നടത്തുന്ന തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതായി നാട്ടുകാരനായ പ്രകാശ് പറയുന്നു. പൊൻമുടി നല്ല പൊളി വൈബുള്ള സ്ഥലമാണെന്നും വനിതാ സൗഹൃദമായ ടൂറിസം സ്പോട്ടായെന്നും കാര്യവട്ടത്തുനിന്നെത്തിയ കോളേജ് വിദ്യാർഥികളായ അശ്വിനും അനീറ്റയും വിസ്മയയും ജ്യോതികയും അമ്പിളിയും പറയുന്നു. മലയിറങ്ങി നേരെ കാട്ടാക്കട മണ്ഡലത്തിലേക്ക്. കാട്ടാക്കട മൂങ്ങോട്ടുകോണം ഭാഗത്ത് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ഐ ബി സതീഷ്. എല്ലാരെയും പേരെടുത്ത് വിളിച്ചും തമാശകൾ പറഞ്ഞും സൗഹൃദം പുതുക്കുകയാണ് ഐ ബി. കുട്ടികളടക്കം എല്ലാവരും കൂട്ടുകാർ. കാട്ടാക്കടയുടെ അതിർത്തികടന്ന് നേമം മണ്ഡലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി നേമത്തെ അഗസ്ത്യം കളരി അക്കാദമിയിൽ വോട്ട് ചോദിക്കാനെത്തിയതാണ്. ഡോ. എസ് മഹേഷിന്റെ കീഴിൽ നൂറോളം വിദ്യാർഥികൾ ആയുധപരിശീലനം നടത്തുകയാണ്. ഗുരുക്കൾ സ്ഥാനാർഥിയെ സ്വീകരിച്ച് കളരിയിലെ പ്രവർത്തനങ്ങളടക്കം വിവരിച്ചു. സ്കൂൾ അടച്ചതോടെ കളരി പഠിക്കാനെത്തിയ കുട്ടികൾ തങ്ങളുടെ പ്രിയ മന്ത്രിയപ്പൂപ്പനെ ആഘോഷത്തോടെയാണ് വരവേറ്റത്. "പരീക്ഷയൊക്കെ നന്നായി എഴുതിയില്ലേ...' മന്ത്രിയപ്പൂപ്പന്റെ ചോദ്യത്തിന് എല്ലാവരും തലകുലുക്കി മറുപടി പറഞ്ഞു. വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞശേഷം അദ്ദേഹം റോഡ്ഷോയിൽ പങ്കെടുക്കാനായി നെടുമത്തേക്ക് പാഞ്ഞു. ഉച്ചയോടെ കോവളം മണ്ഡലം ഉൾപ്പെടുന്ന വെള്ളായണി കിരീടം പാലത്തിലേക്കാണ് പോയത്. കോവളം മണ്ഡലത്തിലെ ചില ഗ്രാമീണ റോഡുകളടക്കം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അന്വേഷിച്ചപ്പോൾ കോവളം എംഎൽഎയുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം നടക്കാതെ പോയ ചില പദ്ധതികളെന്നാണ് അറിഞ്ഞത്. എന്നാൽ, കിരീടം പാലം എത്തിയതോടെ കണ്ടത് വികസനക്കാഴ്ചകളാണ്. സംസ്ഥാനത്തെ ആദ്യ സിനി ടൂറിസം കേന്ദ്രമായി തലയുയർത്തി നിൽക്കുകയാണ് ഇന്ന് കിരീടം പാലം. ടൂറിസംവകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ്. പ്രകൃതിക്ക് ദോഷംവരുത്താതെ വിരുന്നെത്തുന്ന പറവകളുടെയും നെൽപ്പാടത്തിന്റെയും താമരപ്പൂക്കളുടെയും മനോഹാരിത ആസ്വദിക്കാവുന്ന വിധത്തിലുള്ള നവീകരണം അന്തിമഘട്ടത്തിലാണ്. സന്ദർശകർക്ക് ഇരിപ്പിടം, വിശ്രമ കൂടാരങ്ങൾ, ശൗചാലയങ്ങൾ എന്നിവയും ഒരുക്കി. "നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ ഇവിടം ലോകമാകെ അറിയപ്പെടാൻ പോകുകയാണെന്നും' സമീപത്ത് കട നടത്തുന്ന മോഹനൻ പറയുന്നു. എംഎൽഎ എം വിൻസെന്റ് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നും ഇത്തവണ വിജയം എൽഡിഎഫ് സ്ഥാനാർഥി ഭഗത് റൂഫസിന് ഉറപ്പാണെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. "പണ്ട് കല്ലാംപൊറ്റയെന്ന് അറിയപ്പെടുന്ന ഇവിടം ആരും തിരിഞ്ഞുനോക്കാത്ത സ്ഥലമാണ്. ഇന്നത്തെ ഈ മാറ്റം കണ്ടില്ലേ..' –കൂലിപ്പണിക്കാരനായ ജനാർദ്ദനനും പറയുന്നു. പിന്നീട് പുഞ്ചക്കരിയും തിരുവല്ലവും പിന്നിട്ട് ദേശീയപാതയിലൂടെ നേരെ പോയത് കഴക്കൂട്ടം മണ്ഡലത്തിലേക്കാണ്. കഴക്കൂട്ടം ജങ്ഷനാകെ ഇളക്കിമറിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള റോഡ്ഷോ നടക്കുകയായിരുന്നു. മുദ്രാവാക്യങ്ങൾ വിളിച്ചും തലപ്പാവണിയിച്ചും ബലൂണുകൾ പറത്തിയും കൊട്ടിക്കലാശത്തിന്റെ മൂഡിലുള്ള റോഡ്ഷോ. കഴക്കൂട്ടവും പിന്നിട്ട് നേരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്ന് എത്തിയതോടെ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിനെ വരവേൽക്കാൻ ദൃശ്യതാളം വനിതാ സംഘത്തിന്റെ ശിങ്കാരിമേളം നടക്കുകയാണ്. പരിപാടിക്ക് കൊഴുപ്പേകാൻ നാടൻപാട്ട് സംഘവുമെത്തിയിരുന്നു. നാലരയോടെ സ്ഥാനാർഥിയെത്തിയതോടെ ആവേശം കൊടുമുടിയേറി.










0 comments