Deshabhimani

ചോരുന്നു, ആര്യങ്കോട്‌ തൊട്ടിപ്പാലം

അറ്റകുറ്റപ്പണികൾ മുടങ്ങിയ ആര്യങ്കോട് തൊട്ടിപ്പാലം

അറ്റകുറ്റപ്പണികൾ മുടങ്ങിയ ആര്യങ്കോട് തൊട്ടിപ്പാലം

വെബ് ഡെസ്ക്

Published on Nov 19, 2026, 12:00 AM | 1 min read

വെള്ളറട
നെയ്യാർ ഇടതുകര കനാലിലെ കാലപ്പഴക്കം ചെന്ന തൊട്ടിപ്പാലങ്ങൾ (അക്വഡക്ട്‌) അറ്റകുറ്റപ്പണികളും സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ അപകടഭീഷണിയിൽ. സമൂഹമാധ്യമങ്ങളിൽ 'വൈറലായതോടെ' നഗരങ്ങളിൽനിന്നടക്കം കുളിക്കാനും വിനോദത്തിനുമായി എത്തുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിട്ടും, പാലങ്ങളുടെ സംരക്ഷണച്ചുമതലയുള്ള ജലസേചനവകുപ്പ് തിരിഞ്ഞുനോക്കുന്നില്ല. ആര്യങ്കോട് പഞ്ചായത്തിലെ തൊട്ടിപ്പാലത്തിൽ ചോർച്ച അതിരൂക്ഷമായിട്ടുണ്ട്‌. അവധി ദിവസങ്ങളിലടക്കം നിരവധി കുടുംബങ്ങളും യുവാക്കളുമാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. കനാലിലെ ഒഴുക്കുവെള്ളത്തിൽ കുളിക്കാനാണ് ഭൂരിഭാഗവും എത്തുന്നത്. വെള്ളമൊഴുകുന്ന പാലത്തിൽ ഒന്നര മീറ്ററോളംമാത്രം വീതിയുള്ള നടപ്പാതയാണുള്ളത്‌. 14 കൂറ്റൻ തൂണുകളിൽ നിർമിച്ചിരിക്കുന്ന ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പലയിടങ്ങളിലും കോൺക്രീറ്റ് അടർന്നുമാറിയ നിലയിലാണ്. ഇതിലൂടെ വെള്ളം ചോർന്നൊലിക്കുന്നത് പാലത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ കയറിയാൽ അപകടം അകലെയാകില്ല. ഇടതുകര കനാലിൽതന്നെയുള്ള മറ്റ് പാലങ്ങളുടെ അവസ്ഥയും സമാനമാണ്. ആര്യങ്കോട് തൊട്ടിപ്പാലത്തിന് മുൻപായി വെള്ളാങ്ങൽ - മൂന്നാറ്റുമുക്ക് റോഡിന് കുറുകെയുള്ള കാനക്കോട് പാലത്തിലും കുറ്റിയായണിക്കാട് പാലത്തിലും കനത്ത ചോർച്ചയുണ്ട്. കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനോ ആവശ്യമായ ഫണ്ട് വിനിയോഗിച്ച് ബലപ്പെടുത്താനോ ഇറിഗേഷൻവകുപ്പ് തയ്യാറാകുന്നില്ല. മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാവേലികളോ ഇല്ലാത്ത ഇവിടെ, ഒരു മുൻകരുതലുമില്ലാതെ നൂറുകണക്കിന് ആളുകൾ കനാലിൽ ഇറങ്ങുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം. ഇറിഗേഷൻവകുപ്പ് ഇടപെട്ട് പാലങ്ങളുടെ ചോർച്ചയടച്ച് സംരക്ഷണം ഉറപ്പാക്കണമെന്നും പഞ്ചായത്തുമായും പൊലീസുമായും സഹകരിച്ച് സഞ്ചാരികളെ നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും ജീവനക്കാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home