കോവളം ബീച്ചിൽ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി

തിരുവനന്തപുരം: കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പദ്ധതികൾക്കായി 1.19 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് തുക അനുവദിച്ചത്.
പദ്ധതി പ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സിസിടിവി സംവിധാനവും സ്ഥാപിക്കും. പദ്ധതിക്ക് വേണ്ട റിപ്പോർട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. ആദ്യ പദ്ധതി പ്രകാരം 80,59,022 രൂപ ചെലവിൽ നിലവിലുള്ള തെരുവുവിളക്കുകൾ നീക്കം ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ പുതിയവ സ്ഥാപിക്കും.
രണ്ടാമത്തെ പദ്ധതിപ്രകാരം കെൽട്രോൺ ലിമിറ്റഡ് നിലവിലുള്ള സിസിടിവി സംവിധാനങ്ങൾ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവിൽ പുതിയ ഔട്ട്ഡോർ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമീഷൻ ചെയ്യും. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതിയ്ക്ക് രണ്ട് വർഷത്തെ സമഗ്ര വാർഷിക പരിപാലനവുമുണ്ട്.











0 comments