ആമിനയ്ക്ക് സാന്ത്വനവുമായി വനിതാ കമീഷൻ

ആമിനയെ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചപ്പോൾ
വിതുര
ചെറിയ പ്രായത്തിൽത്തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് വിധേയയായതിനെത്തുടർന്ന് രണ്ടുവർഷമായി ചികിത്സയിൽ കഴിയുന്ന പാലോട് കാരിമൺകോട് റോഡരികത്ത് വീട്ടിൽ ആമിനയ്ക്ക് സാന്ത്വനവുമായി വനിതാ കമീഷൻ. അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമിനയുടെ വീട്ടിലെത്തിയത്. നിയമസഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന ഉറപ്പാക്കുമെന്ന് അധ്യക്ഷ പറഞ്ഞു. ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ അർബുദ രോഗവും ആമിനയെ ബുദ്ധിമുട്ടിലാക്കുന്നു. ഏക സഹോദരൻ രണ്ട് വർഷം മുമ്പ് അപകടത്തിൽ മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനം ചികിത്സാ ചെലവുകൾക്ക് തികയുന്നില്ല. സാഹചര്യം മനസ്സിലാക്കുന്നുവെന്നും സർക്കാരിൽനിന്നുള്ള പരമാവധി സഹായത്തിന് ശുപാർശ നൽകുമെന്നും ആമിനയ്ക്ക് ഉറപ്പ് നൽകി. ഒന്നരവയസ്സുള്ള കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ എ അഷ്‌കറായിരുന്നു ആമിനയുടെ ഭർത്താവ്. അയാളിൽനിന്നുള്ള പീഡനമാണ് ചെറിയ പ്രായത്തിൽ തന്നെ ആമിനയെ വീൽചെയറിലേക്ക് എത്തിച്ചത്.










0 comments