ഇടതോരം ചേർന്ന് അരുവിക്കര

ബിമൽ പേരയം
Published on Mar 06, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കർഷകത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ആദിവാസികളും ഉൾപ്പെടുന്ന മലയോര ഗ്രാമമാണ് അരുവിക്കര നിയോജക മണ്ഡലം. കരമനയാറിന് കുറുകെ പണിത അരുവിക്കര ഡാമിൽനിന്നാണ് നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളമെത്തിക്കുന്നത്. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം.
1957ൽ മണ്ഡലം രൂപീകരണസമയത്ത് ആര്യനാട് എന്നായിരുന്നു പേര്. കാട്ടാക്കട ബാലകൃഷ്‌ണപിള്ളയാണ് ആദ്യപ്രതിനിധി. 2008ൽ മണ്ഡലപുനർനിർണയത്തിലൂടെ പേര് മാറി അരുവിക്കരയായി. ഉഴമലയ്‌ക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിതുര, തൊളിക്കോട്, ആര്യനാട്, അരുവിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഒട്ടേറെ പ്രമുഖർ മത്സരരംഗത്തെത്തി ജയപരാജയങ്ങളേറ്റുവാങ്ങി.
മൂന്നു പതിറ്റാണ്ടിലേറെക്കാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തത് ജി കാർത്തികേയനാണ്. അദ്ദേഹത്തിന്റെ മരണത്തോടെ 2015ലെ ഉപതെരഞ്ഞെടുപ്പിൽ മകൻ കെ എസ് ശബരീനാഥൻ വിജയിച്ചു. 2016ലും ശബരീനാഥനെ തെരഞ്ഞെടുത്തു. 2021ൽ ജനം മാറി ചിന്തിച്ചു. എൽഡിഎഫിലെ ജി സ്‌റ്റീഫൻ 66,776 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം 5046. 2021ൽ 1,93,873 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്.
തീവ്രവോട്ടർപ്പട്ടിക പരിശോധന (എസ്‌ഐആർ) കഴിഞ്ഞപ്പോൾ 13,691 പേർ വോട്ടർപ്പട്ടികയിൽനിന്ന് പുറത്തായി. നിലവിൽ ആകെ വോട്ട് 18,0182. സ്‌ത്രീവോട്ടർമാരാണ് കൂടുതൽ. 94,604. പുരുഷന്മാർ 85,576. ട്രാൻസ്‌ജെൻഡേഴ്‌സ് രണ്ട്. പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം, കാർഷികം, പശ്ചാത്തലസൗകര്യങ്ങളിലടക്കം 1200 കോടി രൂപയുടെ പദ്ധതികൾ അഞ്ചുവർഷത്തിനിടെ അരുവിക്കരയിൽ നടപ്പായി.
തോട്ടംമേഖലയായ ബോണക്കാടിനും പ്രത്യേക കരുതലുണ്ടായി. നാലുകോടി ചെലവിട്ട് ലയങ്ങൾ നവീകരിച്ചു. കീഴ്‌പാലൂർ നഗർ അംബേദ്‌കർ പദ്ധതിക്ക് ഒരു കോടി നൽകി. റോഡുകൾ ഗതാഗതയോഗ്യമാക്കി.










0 comments