ആലത്തൂർ നാടകങ്ങൾ ചിറയിൻകീഴിലും
പൊട്ടിയത് നുണകളുടെ മാലപ്പടക്കം

ബ്ലോക്ക് യോഗം വിളിച്ച കാര്യം രമ്യ ഹരിദാസ് മീഡിയ ഗ്രൂപ്പിൽ പങ്കുവച്ചപ്പോൾ
തിരുവനന്തപുരം
പാർലമെന്റ് അംഗമായിരിക്കെ ആലത്തൂരിൽ രമ്യ ഹരിദാസും കൂട്ടാളി പാളയം പ്രദീപും നടത്തിയ നാടകങ്ങളുടെ തനിയാവർത്തനമാണ് ചിറയിൻകീഴിലുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെ വീട്ടിൽ കയറി തല്ലുകയും സജാദിന്റെ മകളെ ഭീഷണിപ്പെടുത്തി മൊബൈൽ സന്ദേശം വായിപ്പിക്കുകയും ചെയ്ത സംഭവം നാണക്കേടായിട്ടും കെപിസിസി നടപടിക്ക് മുതിർന്നില്ല. രമ്യയും പ്രദീപും ചേർന്ന് തുടർച്ചയായി നടത്തിയ നുണനാടകങ്ങൾ തെളിവുകളോടെ പിടിക്കപ്പെട്ടു. മണ്ഡലത്തിലിറങ്ങാൻ പറ്റാത്തവിധം എംഎൽഎ തുറന്നുകാട്ടപ്പെട്ടു. രമ്യയുടെ ആക്രമണം പുറത്തറിഞ്ഞതോടെ ചായ കുടിക്കാൻ പോയതാണെന്നായി. പ്രാദേശിക നേതാക്കളെ അടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അതും പൊളിഞ്ഞു. രക്ഷപ്പെടാൻ രമ്യ സൃഷ്ടിച്ച ‘എന്റെ കൈവിടെടാ' എന്ന് വിളിച്ചുകൂവുന്ന വീഡിയോ പുറത്തുവിട്ടു. ഇരവാദം ഉയര്‍ത്തലായിരുന്നു ലക്ഷ്യം. എന്നാൽ, സജിത് മുട്ടപ്പലത്തിന്റെ കൈ കൂട്ടിപ്പിടിച്ചതാണെന്ന് വ്യക്തമായി. പാളയം പ്രദീപും എംഎൽഎയും നടത്തുന്ന പിരിവും ഒൗദ്യോഗികയോഗങ്ങളിൽ പ്രദീപിന്റെ സാന്നിധ്യവും ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ ചോദ്യംചെയ്തിരുന്നു. ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടി സജാദ് ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടതോടെയാണ് എംഎൽഎയുടെ രോഷപ്രകടനം. ചിറയിൻകീഴ് ബ്ലോക്ക് യോഗത്തിൽ എംഎൽഎയോടൊപ്പം പ്രദീപ് പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നപ്പോൾ അത് യോഗമല്ല ബ്ലോക്ക് ഉദ്യോഗസ്ഥരെ കാണാൻ പോയതാണെന്നായി അടുത്ത കള്ളം. താമസിയാതെ, യോഗം താൻ വിളിച്ചതാണെന്ന് തെളിയിക്കുന്ന എംഎൽഎയുടെതന്നെ സന്ദേശം പുറത്തുവന്നു. പ്രദീപ് സ്റ്റാഫാണെന്ന കള്ളവും തകർന്നുവീണു. മുൻകാലപ്രാബല്യത്തോടെ പ്രദീപിനെ സ്റ്റാഫാക്കണമെന്ന് രമ്യ സ്പീക്കർക്ക് കത്ത് നൽകിയത് നിയമസഭാ ചരിത്രത്തിലെതന്നെ നാണംകെട്ട സംഭവമായി. ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വവും ജനങ്ങളോടുള്ള കടമയും നിർവഹിക്കാതെ പിരിവും ക്രിമിനൽ പ്രവർത്തനങ്ങളുമായി നടക്കുന്ന എംഎൽഎയുടെ രീതി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.









0 comments