ad
Deshabhimani

പ്രായം കടന്നൊരു 
കലക്കൻ ഡൈവ്‌

തലകുത്തി മറിയുന്ന മാത്തി

തലകുത്തി മറിയുന്ന മാത്തി

avatar
സ്വന്തം ലേഖിക

Published on Jul 26, 2026, 12:00 AM | 1 min read

തിരുവനന്തപുരം

‘നരച്ച്‌ ചുരുണ്ട മുടി പിന്നിൽ കെട്ടി ഒറ്റച്ചാട്ടം. തലകുത്തി മറിഞ്ഞ്‌ നേരെ പുഴയിലേക്ക്‌. ഒഴുക്കിനെ നീന്തിക്കടന്ന്‌ മുങ്ങാംകുഴിയിട്ട്‌ കടവത്ത്‌ നിന്നവരെ നോക്കി ഒരു പുഞ്ചിരിയും’. പേര്‌ പി മാത്തി, വയസ്സ്‌ വെറും 69! പ്രായത്തെ തോൽപ്പിച്ചുള്ള ഡൈവുമായി ആര്യനാട്‌ കരിപ്പാല തെണ്ടിയാമല സ്വദേശി മാത്തിയമ്മയാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. കൊച്ചുമകൻ സൂരജ്‌ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്‌ത വീഡിയോ ആറുമണിക്കൂറിനുള്ളിൽ പത്തുലക്ഷത്തിലധികംപേരാണ്‌ കണ്ടത്‌. അത്രയുംതന്നെ പേർ ഇതിനകം വീഡിയോ പങ്കുവച്ചു. കൂടാതെ പല സ്ഥലങ്ങളിൽനിന്നും നേരിട്ടും അല്ലാതെയുമുള്ള അഭിനന്ദനങ്ങളും. പുഴയും ഒഴുക്കും ആഴങ്ങളോടുള്ള മത്സരങ്ങളും മാത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആരും പഠിപ്പിച്ച്‌ കൊടുത്തിട്ടുമില്ല. ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത്‌ കുളിക്കാനും അലക്കാനും പുഴയിലെത്തി സ്വയം പഠിച്ചതാണ്‌. ‘വിതുര കല്ലാറാണ്‌ സ്വന്തം നാട്‌. പണ്ട്‌ രാവിലെ പുഴയിലേക്ക്‌ പോയാ വൈകിട്ടാകും മടങ്ങിയെത്താൻ. വെള്ളത്തിലെ തൊട്ടുകളിയുംമറ്റുമായി അങ്ങനെ സമയം പോകും. ഇങ്ങനെ ചാടാനും മറ്റുള്ളോർ ചെയ്യുന്നത്‌ കണ്ടുപഠിച്ചതാണ്‌. ഇ‍ൗ പ്രായത്തിലും ചാടാൻ ബുദ്ധിമുട്ടൊന്നുമില്ല. മനസ്സിൽ ഇപ്പോഴും ഇരുപത്തഞ്ചാണ്‌ പ്രായം’– മാത്തി പറഞ്ഞു. ചെറുപ്പത്തിൽ ചെയ്തിരുന്ന അഭ്യാസം മകൾ അജിതയുടെ വീട്ടിലെത്തിയശേഷമാണ്‌ വീണ്ടും പൊടിതട്ടിയെടുക്കുന്നത്‌. മകളുടെ ആവശ്യപ്രകാരം കരമനയാറ്റിൽ അത്യുഗ്രൻ ഡൈവ്‌. കൊച്ചുമകൻ പകർത്തിയ വീഡിയോയിലൂടെ നാടാകെ പ്രചോദനമായി മാറിയ സന്തോഷത്തിലാണ്‌ മാത്തിയും കുടുംബവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home