കാട് വെട്ടിയൊരുക്കിയ ജീവിതഗാഥ

അനിലും സുഹൃത്തുക്കളും കൃഷിയിടത്തിൽ
ബിമൽ പേരയം
Published on Oct 15, 2025, 12:00 AM | 1 min read
തിരുവനന്തപുരം
മൂന്നേക്കർ പുരയിടം വെട്ടിവെളിപ്പിച്ച് കൃഷിക്ക് അനുയോജ്യമാക്കി മാറ്റുകയായിരുന്നു അനിലിന് മുന്നിലെ വെല്ലുവിളി. വിതുര മരുതാമലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടം പാട്ടത്തിനെടുക്കുമ്പോൾ വൻ കാടായിരുന്നു. എന്നാൽ മാസങ്ങളുടെ പ്രയത്നം മണ്ണിൽ പൊന്ന് വിളയിച്ചു. നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിക്കെ 22 വർഷംമുന്പുണ്ടായ വാഹനാപകടമാണ് കൃഷിയിലേക്ക് വഴിതിരിച്ചുവിട്ടത്. മരുതാമല അനിൽസദനത്തിലെ അനിൽകുമാർ കൃഷി ഉപജീവനമാർഗമാക്കിയിട്ട് 20 വർഷം. ഒരേക്കറിലെ വെണ്ടയാണ് പ്രധാന കൃഷി. വ്യത്യസ്‌ത ഇനങ്ങളായ ആനക്കൊന്പനും സുമേഷിയുമാണ് താരങ്ങൾ. രണ്ടും ഇടകലർത്തിയുള്ള കൃഷിയായതിനാൽ രോഗപ്രതിരോധശേഷി കൂടും. ചീര, പടവലം, പയർ, പാവൽ എന്നിവയാണ് മറ്റ് ഇനങ്ങൾ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ നെടുമങ്ങാട് വേൾഡ് മാർക്കറ്റാണ് പ്രധാന വിപണനകേന്ദ്രം. ആഴ്‌ചയിൽ വെണ്ടമാത്രം 150 കിലോയിലധികം ഇവിടെയെത്തിക്കും. കലുങ്ക് ജങ്‌ഷനിൽ ദിവസവും വൈകിട്ട് ആറുമുതൽ ഒരുമണിക്കൂർ കച്ചവടവുമുണ്ട്. പൊതുവിപണിയേക്കാൾ വില കുറച്ചുള്ള വിൽപ്പനയും ഗുണമേന്മയും കൊണ്ട് ധാരാളം പേർ ഇവിടെ പച്ചക്കറി വാങ്ങാനെത്തുന്നു. നിരവധി പ്രതിസന്ധികൾ തരണം ചെയ്‌താണ് കൃഷി മുന്നോട്ട് പോകുന്നത്. കൃഷിഭൂമിക്ക് ചുറ്റും വേലിയൊരുക്കിയെങ്കിലും മ്ലാവ് ഇറങ്ങി എല്ലാം നശിപ്പിച്ചു. ഒരിക്കൽ കാട്ടുപോത്തും വന്നു. പന്നികളും കൂട്ടത്തോടെയെത്തും. വൈദ്യുതിവേലിയൊരുക്കി ഒരുമാസത്തിനുശേഷമാണ് പിന്നീട് കൃഷി പുനരാരംഭിച്ചത്. വൈദ്യുതവേലിക്ക് ഒരു ലക്ഷം രൂപ ചെലവായി. 50,000 രൂപ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായമുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വട്ടിപ്പലിശയ്ക്കെടുത്താണ് വേലി തീർത്തത്. കൃഷിയിലെ മികവിന് അന്പതോളം പുരസ്‌കാരങ്ങളും അനിലിന് കിട്ടിയിട്ടുണ്ട്. നാലുതവണ വിതുര പഞ്ചായത്തിന്റെ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ചു. ഓരോ പ്രോത്സാഹനങ്ങളും അതിജീവനത്തിനുള്ള കരുത്തും സന്തോഷവുമാണെന്ന് അനിൽ പറഞ്ഞു. മരുതാമല എൽപിഎസിലെ പാചകത്തൊഴിലാളിയായ ഭാര്യ സുനിതയും സഹായത്തിനുണ്ട്. മക്കളായ ആര്യ ബിരുദ വിദ്യാർഥിയും അഭില പത്താം ക്ലാസിലും പഠിക്കുന്നു.









0 comments