വലനിറയും പൊന്നിൻകാലം; പ്രതീക്ഷകൾക്ക് മഴയുടെ കരിനിഴൽ

മുതലപ്പൊഴിയിൽ പുതിയ വല തയ്യാറാക്കുന്ന തൊഴിലാളികൾ
ബിമൽ പേരയം
Published on Jul 31, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ആഴക്കടലിലേക്കുപോയി വലനിറയെ പൊന്നുമായി മടങ്ങിയെത്താൻ മുതലപ്പൊഴിയിൽനിന്ന് പ്രതീക്ഷകളുമായി നിത്യസഹായമാതാ ബോട്ടിറക്കി. പുതുവല വാങ്ങി കെട്ടിയൊരുക്കി എല്ലാ സജ്ജീകരണത്തോടുംകൂടിയാണ് പുറപ്പാട്. ജില്ലയിൽ ട്രോളിങ് നിരോധനം ഇല്ലെങ്കിലും മത്സ്യങ്ങളുടെ പ്രജനനകാലത്ത് അകലേക്ക് ബോട്ടിറക്കാറില്ല. ട്രോളിങ് നിരോധനകാലം കഴിഞ്ഞ് ആഴക്കടലിലേക്കിറങ്ങുന്പോൾ കൂടുതൽ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമ നിഥിനും ഒപ്പമുള്ള 53 തൊഴിലാളികളും. ഒരാഴ്‌ചയായി പുതിയവല തയ്യാറാക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. വലിയ മീനുകൾ വലക്കണ്ണികൾ കടിച്ചുമുറിച്ച് തകർത്തിരുന്നു. വന്പന്മാർ വന്നുപെടുന്ന ചാകരക്കാലമായതിനാലാണ് പുതിയ വല വാങ്ങിയത്. വ്യാഴം പുലർച്ചെ 5.30ന് കടലിലേക്ക് തിരിച്ചു. കാലാവസ്ഥാ വകുപ്പ് മഴമൂലം മത്സ്യബന്ധനം പാടില്ലെന്നുമുള്ള മുന്നറിയിപ്പ് നൽകിയതിനാൽ ഇവർ വേഗം മടങ്ങിയെത്തും. ചെറുവലക്കണ്ണികൾ ട്രോളിങ് നിരോധനകാലത്ത് ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ നിരവധി വള്ളക്കാർക്ക് വിശ്രമനാളുകളായിരുന്നു. ജില്ലയിൽ ഏതാനും ട്രോളിങ് ബോട്ടുകളിറങ്ങുന്നത് വിഴിഞ്ഞത്തുമാത്രമാണ്. ട്രോളിങ് ബോട്ടുകളല്ലാത്ത 90 ബോട്ട് മുതലപ്പൊഴിയിൽനിന്ന് മീൻപിടിത്തത്തിന് പോകുന്നുണ്ട്. തൊഴിലാളികളേറെയും ഒഡിഷക്കാരാണ്. നാട്ടിലേക്ക് പോയവരെല്ലാം മടങ്ങിയെത്തി. കഴിഞ്ഞ ദിവസങ്ങളിൽ വള്ളമിറക്കിയെങ്കിലും മീൻ കുറവായിരുന്നു. വലനിറയെ മീൻ കയറുന്പോഴാണ് തൊഴിലാളികൾക്കും ഉടമയ്‌ക്കും ചാകര. ബോട്ടിന്റെ ചെലവ് കഴിച്ചുള്ള ലാഭവിഹിതം ഉടമയ്‌ക്ക് നാൽപ്പതും തൊഴിലാളിക്ക് 60 ശതമാനവുമായാണ് വീതിക്കുക. കൈനിറയെ പൊന്ന് കയറുന്ന ഉത്സവകാലമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കാലംതെറ്റിയുള്ള മഴ മുന്നറിയിപ്പ് തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്.










0 comments