സഫലമീയാത്ര...

അനിൽകുമാർ മക്കളോടും മരുമക്കളോടും പേരക്കുട്ടിയോടുമൊപ്പം
ബിമൽ പേരയം
Published on Nov 04, 2025, 12:00 AM | 1 min read
തിരുവനന്തപുരം
ഞായർ രാവിലെ പന്പയിലേക്കുള്ള പ്രത്യേക സർവീസിനായി തന്പാനൂർ കെഎസ്‌ആർടിസി സ്‌റ്റാൻഡിലെ പ്ലാറ്റ്‌ഫോമിലേക്ക് ബസുമായി ജയകുമാറെത്തി. തൊട്ടുമുന്നിലതാ, മക്കളും മരുമക്കളും പേരക്കുട്ടിയും. താൻ ബസോടിച്ചെത്തുന്ന ദൃശ്യം ഫോണിൽ പകർത്തുകയാണ് അവർ–ചെറിയൊരു സർപ്രൈസ്! വിതുര സ്വദേശി എച്ച് അനിൽകുമാറിന്റെ കെഎസ്‌ആർടിസി ബസ് ഡ്രൈവറായുള്ള അവസാന സർവീസ്. 2026 ഏപ്രിലിലാണ് വിരമിക്കുന്നതെങ്കിലും 180 ദിവസത്തെ അവധി അനുവദിച്ചതിനാൽ മുൻകൂർ വിരമിക്കുകയാണ്. പന്പ സർവീസിലേക്ക് ഒപ്പംകൂടിയ കുടുംബം സമ്മാനിച്ച മധുരനിമിഷം മറ്റൊരു ആഹ്ലാദയാത്രയായി. അഭിഭാഷകയായ മകൾ അനുജ ഭർതൃവീടായ നെയ്യാറ്റിൻകരയിൽനിന്നും ഏഴുമാസമുള്ള പേരക്കുട്ടി ശ്രീനിദേവുമായി മകൾ അനിജാദേവി മലയടിയിൽനിന്നുമാണെത്തിയത്. മരുമക്കൾ വിഷ്‌ണുവും ശ്രീക്കുട്ടനും ഒപ്പമുണ്ടായി. പന്പയിലെത്തി ഒരുമണിക്കൂർ വിശ്രമിച്ചശേഷം രാത്രി ഡിപ്പോയിൽ മടങ്ങിയെത്തി സർവീസ് അവസാനിപ്പിച്ചു. 1998ൽ എംപ്ലോയ്‌മെന്റ് പട്ടികയിൽനിന്നാണ് അനിൽകുമാർ പ്രവേശിച്ചത്. 2008 ൽ പിഎസ്‌സി വഴി സ്ഥിരനിയമനമായി. പാറശാല, നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ ജോലി ചെയ്‌ത് മൂന്ന്‌വർഷംമുന്പാണ് തന്പാനൂരിലെത്തിയത്. ഒട്ടേറെ അനുഭവങ്ങളുണ്ട്. ദീർഘദൂര സർവീസുകളാണ് കൂടുതലായും ഓടിയത്. ശബരിമല പുൽമേട് ദുരന്തത്തിന് സാക്ഷിയായി. തെങ്കാശി സർവീസ് വേളയിൽ വണ്ടിയിറങ്ങിയ കുട്ടിയെ സംശയാസ്‌പദമായി കണ്ട് സംസാരിച്ചപ്പോഴാണ് വീടുവിട്ടിറങ്ങി യ കഥ പറയുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛനായതിനാലാകാം വാത്സല്യത്തോടെയുള്ള വാക്കുകൾ കേട്ട് പെൺകുട്ടി ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞു. ചതിക്കുഴികളിൽ വീഴാതെ രക്ഷിതാക്കളുടെയരികിലേക്ക് എത്തിക്കാനായതിൽ വിതുര മൈലംകോണം "അമ്മുവിന്റെവീട്ടി'ൽ അനിൽകുമാറിന് സന്തോഷം. എസ് ഗിരിജാദേവിയാണ് ഭാര്യ. ഒൗദ്യോഗികജീവിതത്തിന്റെ ലാസ്‌റ്റ്‌വണ്ടിയിൽ വെഞ്ഞാറമൂട് സ്വദേശി ജയകുമാരൻനായരാണ് കണ്ടക്ടറായത്.









0 comments